Thursday, February 26, 2009

എന്റെ മോഹം

ഉണ്ണിക്കണ്ണനോടുള്ള ഭക്തിയിലലിഞ്ഞു എല്ലാം മറന്നു കണ്ണനില്‍ ലയിയ്ക്കാന്‍ , സായൂജ്യമടയാന്‍ മോഹിയ്ക്കുന്ന ഒരു ഭക്തയുടെ മോഹങ്ങള്‍ കേള്‍ക്കണോ?



ഒന്നു ഗുരുവായൂര്‍ ചെന്നു മുകുന്ദനെ
വന്ദിയ്ക്കാനുണ്ടൊരു മോഹം
പുണ്യമാം ക്ഷേത്രക്കുളത്തിലെ തീര്‍ത്ഥത്തില്‍
മുങ്ങാനുമുണ്ടൊരു മോഹം.
കൂപ്പുകൈയ്യോടെയെന്‍ കണ്ണന്‍ തിരുമുന്‍പില്‍
സര്‍വവും അര്‍പ്പിയ്ക്കാന്‍ മോഹം
കണ്ണന്റെ മൌലിയില്‍ ചൂടുന്നൊരു മയില്‍-
പ്പീലിയായ്ത്തീരുവാന്‍ മോഹം
മിന്നും തിരുനെറ്റി തന്നിലണിയുന്ന
ഗോപിയായ്ത്തീരാനും മോഹം
കന്‍ജവിലോചനന്‍ കണ്ണിലണിയുന്ന
അന്‍ജനമാകുവാന്‍ മോഹം
പുണ്ഡരീകാക്ഷന്റെ കാതില്‍ തിളങ്ങുന്ന
കുണ്ഡലമാവാനും മോഹം
കൊണ്ടല്‍ നേര്‍വര്‍ണ്ണന്റെ ചുണ്ടുകള്‍ രണ്ടിലും
ചുംബിയ്ക്കാനുണ്ടൊരു മോഹം
മന്ദസ്ന്മിതം തൂകും നന്ദകുമാരന്റെ
തിരുമുഖം കാണുവാന്‍ മോഹം
നീലക്കാര്‍വര്‍ണ്ണനണിയും പുലിനഖ
മാലയായ് തീരാനും മോഹം
അദ്ഭുതമാം തിരുമാറിലണിയുന്ന
കൌസ്തുഭമാകുവാന്‍ മോഹം
വനമാലി മാറിലണിയുന്ന നല്ലൊരു-
വനമാലയാകുവാന്‍ മോഹം
ശ്രീവാസുദേവന്റെ വക്ഷസ്സില്‍ മിന്നുന്ന
ശ്രീവത്സമാകുവാന്‍ മോഹം
പങ്കചലോചനന്‍ തന്‍ കരേ മിന്നുന്ന
കങ്കണമാവാനും മോഹം
കോടക്കാര്‍വര്‍ണ്ണനങ്ങൂതും മുരളി തന്‍
നാദമായ് തീരുവാന്‍ മോഹം
കാലിയെ മേയ്ക്കുന്ന കണ്ണന്റെ നല്ലൊരു
കോലായിത്തീരുവാന്‍ മോഹം
നന്ദകുമാരനരയിലണിയുന്ന
കിങ്ങിണിയാകുവാന്‍ മോഹം
ഭംഗിയില്‍ കണ്ണനുടുത്തോരഴകേറും
മഞ്ഞത്തുകിലാവാന്‍ മോഹം
ചഞ്ചലലോചനന്‍ കാലിലണിയുന്ന
പൊന്‍ ചിലമ്പാകുവാന്‍ മോഹം
വാതാലയത്തിലെ കണ്ണന്റെ മുന്‍പിലെ
വാതിലായ്ത്തീരാനും മോഹം
ഭക്തന്മാരര്‍പ്പിയ്ക്കും പാദപദ്മത്തിലെ
തൃത്താപ്പൂവാകുവാന്‍ മോഹം
ഗോപിമാര്‍ കൈകളിലേകുന്ന നല്ലൊരു
തൂവെണ്ണയാവാനും മോഹം
മാധവന്‍ തന്റെ കളിത്തോഴിയാകുന്ന
രാധികയാകുവാന്‍ മോഹം
പാര്‍ത്ഥന്റെ തേര്‍ത്തട്ടില്‍ മേവുന്ന കണ്ണന്റെ
ചാട്ടവാറാകുവാന്‍ മോഹം
കണ്ണന്റെ കാലിണ നക്കിത്തുടയ്ക്കുന്ന
കാലിക്കിടാവാകാന്‍ മോഹം
മോഹങ്ങളൊക്കെയും നിന്‍പാദപങ്കജേ
സാമോദം ഞാനും സമര്‍പ്പിയ്ക്കുന്നു
പാപങ്ങള്‍, പുണ്യങ്ങള്‍,ദു:ഖസുഖങ്ങളും
പാദാരവിന്ദത്തിലര്‍പ്പിയ്ക്കുന്നു.

No comments:

Post a Comment