Wednesday, October 6, 2010

രുഗ്മിണീസ്വയംവരം ഭാഗം-3

ദ്വാരകതന്നിലേയ്ക്കങ്ങു ഗമിച്ചൊരാ-

ബ്രാഹ്മണനാകിയ സുന്ദരനും

ഓരോരോ ദേശവും ചെന്നുകടന്നുടൻ

ദ്വാരകാഗോപുരം തന്നിലേയ്ക്കായ്

ആരണനാകയാൽ ഏതു തടസ്സവും

കൂടാതകത്തുകടന്നുടനെ

പണ്ടു പരിചയമുള്ളതു കാരണം

കൊണ്ടൽനേർവർണ്ണന്റെ മന്ദിരത്തിൽ

ചെന്നു കടന്നുടനെല്ലാമുറിയിലും

നന്ദകുമാരനെ തേടിക്കൊണ്ടാൻ

ഇങ്ങിനെ കണ്ണനിരിയ്ക്കും മുറിയിലും

വന്നു ചെന്നെത്തിനാൻ ബ്രാഹ്മണനും

എന്തോ മനോരാജ്യം ചിന്തിച്ചിരിയ്ക്കുന്ന

ചെന്താമരാക്ഷനെ കണ്ടിതപ്പോൾ

കാലൊച്ച കേട്ടുടൻ കണ്ണും തുറന്നങ്ങു

ഭൂലോകനായകൻ നോക്കും നേരം

മുന്നിലായ് വിപ്രനെക്കണ്ടങ്ങെഴുന്നേറ്റു

വന്ദിച്ചു പീഠത്തിൽ കൊണ്ടിരുത്തി

കാലും മുഖവും കഴുകിത്തുടച്ചുടൻ

പാലും പഴങ്ങളും നൽകി ഭക്ത്യാ

എല്ലാം കഴിച്ചങ്ങിരിയ്ക്കുന്ന വിപ്രനെ

മല്ലാരി നോക്കിയരുളിച്ചെയ്തു

അങ്ങുന്നെവിടുന്നാണിപ്പോൾ വരുന്നതും

എങ്ങോട്ടു പോകുന്നതെന്നുമോതൂ

എന്തോ പറയുവാനുണ്ടെന്നു നിന്മുഖം

നന്നായ് വിളിച്ചറിയിയ്ക്കുന്നുണ്ടു

ആരുമടുത്തെങ്ങുമില്ലെന്നു കണ്ടപ്പോൾ

ആരണൻ കത്തു കൊടുത്തു കയ്യിൽ

എത്രയും വേഗത്തിൽപൊട്ടിച്ചെഴുത്തതു

ഉത്തമപൂരുഷൻ വായിച്ചപ്പോൾ

മന്ദസ്മിതം ചെയ്തു നന്ദകുമാരനും

സുന്ദരബ്രാഹ്മണനോടോതി വേഗം:

“അങ്ങു വരുന്നോരു നേരത്തുഞാനുമേ

ചിന്തിച്ചിരുന്നതു രുഗ്മിണിയെ

ആയവൾ തന്നുടെ രൂപഗുണഗണം

ഞാനുമേയേവമറീഞ്ഞിട്ടുണ്ടേ

ഇന്നവൾക്കെന്നോടു പ്രേമമുണ്ടെന്നതു

മിന്നിതാ കത്തിലൂടങ്ങറിഞ്ഞു

എത്രയും വേഗത്തിൽ കുണ്ഡിനം തന്നിലു-

മെത്തേണംകൊണ്ടിങ്ങു പോന്നിടേണം.

ഏട്ടനിവിടെയുമില്ലാത്തകാരണ-

മൊട്ടും തടസ്സവുമുണ്ടാവില്ല

ഏട്ടനറിഞ്ഞാൽ തടസ്സം പറഞ്ഞിടും

പിന്നെയെനിയ്ക്കനുകൂലമാകും

ഇങ്ങിനെയാണെന്റെയേട്ടന്റെ മാതിരി

യങ്ങേയ്ക്കിതൊക്കെയറിയാമല്ലോ?

അങ്ങു കുളിച്ചുടൻ സന്ധ്യാപൂജാദികൾ

ചെയ്തുടൻ ഭക്ഷണമുണ്ട ശേഷം

വിശ്രമിച്ചീടുകയപ്പോഴേയ്ക്കുംഞാനു-

മെത്തിടാം യാത്രയ്ക്കു തയ്യാറായി“

എന്നു പറഞ്ഞൊരു സേവകൻ തന്നെയും

വിട്ടിതു വിപ്രന്റെ കാര്യങ്ങൾക്കായ്

സുന്ദരബ്രാഹ്മണൻ ചെന്നു കുളിച്ചുടൻ

സന്ധ്യാപൂജാദികൾ ചെയ്തിട്ടുടൻ

മൃഷ്ടാന്നഭോജനമുണ്ടു മുറുക്കീട്ടു

മെത്തയിൽ വന്നു കിടക്കും നേരം

യാത്രയ്ക്കു തയ്യാറായുള്ളോരു വേഷത്തിൽ

തത്ര വന്നെത്തിനാൻ വാസുദേവൻ

വിപ്രനോടോതിനാൻ.” സാപ്പാടു നന്നായോ

വെറ്റിൽ‌പ്പാക്കൊക്കെക്കിട്ടിയില്ലേ?“

“എല്ലാമേകിട്ടി“ യെന്നങ്ങു പറഞ്ഞുടൻ

മല്ലാരി തന്നെയും നോക്കിയപ്പോൾ

“എന്നാൽ നമുക്കു പുറപ്പെടാം ഞാനുമേ

ചെന്നങ്ങൊരുക്കട്ടെ, തേർ, കുതിര“

എന്നു പറഞ്ഞുടൻ സൂതനെക്കൂടാതെ

ചെന്നു കുതിരയും തേരുംകൂട്ടി

ഗോപുരദ്വാരത്തിൽ കൊണ്ടു നിറുത്തീട്ട്

ആയുധമൊക്കെയും കേറ്റീ ദേവൻ

പിന്നീടു വിപ്രന്റെ കയ്യും പിടിച്ചിട്ടു

ചെന്നു കയേറിനാൻ തേരിൽ വേഗം

എത്രയും വേഗത്തിൽ തേരും തെളിച്ചങ്ങു

തത്ര മറഞ്ഞങ്ങു പോയി ദേവൻ

ഗോപുരകാവൽക്കാർ നോക്കിനിന്നാനപ്പോൾ

ഗോവിന്ദൻ പോകുന്നകാഴ്ച്ച കണ്ടു

കണ്ണനവരോടുമൊന്നു മേ ചൊല്ലിയി-

ല്ലങ്ങോട്ടവർക്കെങ്ങു ചോദിയ്ക്കാമോ?

രുഗ്മിണീസ്വയംവരം ഭാഗം-2

ഭാഗം-2


അന്തണൻ തന്നുടെ വാക്കുകൾ കേട്ടിട്ടു

സന്താപം തെല്ലൊന്നൊതുക്കി ദേവി

സ്വന്തം മണിയറ പുക്കുടൻ വേഗത്തിൽ

ചെന്താമരാക്ഷനു കത്തെഴുതി:

“വല്ലവി വല്ലഭ, നിന്നെ ഞാനെന്നുടെ

വല്ലഭനായി വരിച്ചിടുന്നു

ചേദിപൻ തന്നുടെ ഭാര്യയായ്ത്തീരുവാ-

നെന്നെയയയ്ക്കല്ലേ കണ്ണാ ഭവാൻ

അങ്ങ്യ്ക്കനുരൂപഭാര്യയായീടും ഞാൻ

അങ്ങു മനസ്സിൽ നിനയ്ക്കുമെങ്കിൽ

എത്രയും വേഗത്തിൽ കുണ്ഡിനം തന്നിലും

എത്തണമെന്നെയും കൊണ്ടുപോണം

വേളിത്തലേദിനം ദേവിയെവന്ദിയ്ക്കാൻ

ഞാനങ്ങു പോയിടും ക്ഷേത്രം തന്നിൽ

ദേവിയെ വന്ദിച്ചു പോരുന്ന നേരത്തു

ദേവാ നീയെന്നെ നിൻ തേരിലേറ്റൂ

ദ്വാരകയിലേയ്ക്കു കൊണ്ടങ്ങു പോയി നീ

ദാരങ്ങളാക്കുക പങ്കജാക്ഷ!“

ഇങ്ങനെയുള്ളൊരു കത്തങ്ങെഴുതീട്ടു

നന്നായ് പശവച്ചങ്ങൊട്ടിച്ചേവം

യാത്രയ്ക്കു തയ്യാറായ് വന്നൊരു സുന്ദര-

ബ്രാഹ്മണൻ തന്നുടെ കയ്യിൽ നൽകി

പിന്നെ കനത്ത മടിശ്ശീലയൊന്നെടു-

ത്തന്നവനേകിനാൾ യാത്രയ്ക്കായി.

നന്നായ് വരുമെന്നു ചൊല്ലിച്ചിരിച്ചങ്ങു

സുന്ദരബ്രാഹ്മണൻ പോയ് മറഞ്ഞു

അന്തപ്പുരത്തിങ്കലുള്ളവരാരുമേ-

യന്തണൻ പോയതറിഞ്ഞതില്ല.

രുഗ്മിണി തന്റെ സ്വയംവരമുണ്ടെന്നു

കൊട്ടിയറിയിച്ചു നാട്ടിലൊക്കെ.

കേട്ടവർ കേട്ടവർ വന്നു തുടങ്ങിനാൻ

കൂട്ടമായങ്ങനെ കുണ്ഡിനത്തിൽ

നല്ലൊരു സദ്യയും ദക്ഷിണയും കിട്ടു-

മെന്നോർത്തു വന്നെത്തി വിപ്രവർഗ്ഗം

ഊട്ടുപുരയിലും ചെന്നു സ്ഥലം പിടി-

ച്ചങ്ങിരുന്നീടുന്നു മുന്നിൽ തന്നെ

എല്ലാ രാജ്യത്തിലുമുള്ള നൃപന്മാർക്കു

കല്യാണക്കത്തങ്ങയയച്ചു രുഗ്മി

ദ്വാരകാനാഥനുമാത്രമയച്ചില്ല

ക്രൂരനാം രുഗ്മിയും കത്തൊന്നതും

പൌരജനങ്ങളും വീഥികൾ വീടുകൾ

തോരണജാലമലങ്കരിച്ചു.

കല്യാണമണ്ഡപമുണ്ടാക്കിട്ടായതിൽ

നല്ലോരലങ്കാരമൊക്കെച്ചെയ്തു

വന്നുകൂടുന്ന നൃപന്മാർക്കിരിയ്ക്കാനായ്

മഞ്ചങ്ങളേറെയും തീർത്തു മോദാൽ

എല്ലാരാജ്യത്തിലുമുള്ളനൃപന്മാരും

വന്നു തുടങ്ങിനാൻ കുണ്ഡിനത്തിൽ

അംഗനും വംഗനും തുംഗൻ കലിംഗനും

കേകയൻ കോസലൻ പൌണ്ഡ്രകനും

വന്നു ചേർന്നുള്ള നൃപന്മാരെയൊക്കെയും

നന്നായി സൽക്കാരം ചെയ്തു രുഗ്മി

കല്യാണവേഷമണിഞ്ഞു ശിശുപാലൻ

വന്നിതു മാഗധൻ തന്നോടൊപ്പം

തന്നുടെമന്ദിരം ആയവർക്കായിട്ടു

സന്തോഷമോടങ്ങു നൽകി രുഗ്മി

പാട്ടുമാട്ടങ്ങളും കൊട്ടും കുഴൽ വിളി-

യൊക്കവേയുണ്ടായി കുണ്ഡിനത്തിൽ

എങ്ങുമേ നോക്കിയാലാനന്ദമല്ലാതെ-

യെങ്ങുമൊരിടത്തും കാണാനില്ല

അന്തപ്പുരത്തിങ്കലുള്ളവർക്കാർക്കുമേ

സന്തോഷമൊന്നുമേയുണ്ടായില്ല

അന്തണൻ തന്റെ വരവൊന്നു കാണാഞ്ഞു

സന്താപമോടെയിരുന്നു ദേവി

രുഗ്മിണീസ്വയംവരം ഭാഗം -1

ഭാഗം-1

കുണ്ഡിനരാജാവാം ഭീഷ്മകൻ തന്നുടെ

നന്ദിനിയാകിന രുഗ്മിണിയും

കണ്ണന്റെ രൂപഗുണഗണം നാട്ടുകാർ

വർണ്ണിപ്പതും കേട്ടു മോദമർന്നു

നന്ദകുമാരൻ താൻ കാന്തനായ്ത്തീരുവാൻ

സുന്ദരി രുഗ്മിണിയാഗ്രഹിച്ചു

സോദരി തന്നെയും ചേദിപനേകുവാൻ

സോദരൻ രുഗ്മിയും നിശ്ചയിച്ചു.

അമ്മയ്ക്കുമച്ഛനുമിഷ്ടമില്ലെങ്കിലും

രുഗ്മിയെപ്പേടിച്ചു സമ്മതിച്ചു

ഇക്കഥകേട്ടുടൻ രുഗ്മിണീദേവിയും

ദു:ഖഭാവത്താൽ പറഞ്ഞിതേവം:

“ചേദിപൻ തന്നുടെ ഭാര്യയായ്ത്തീരുവാൻ

ഞാനുമേ സമ്മതിയ്ക്കില്ല തീർച്ച

എന്നുടെ ഭർത്താവായ്ത്തീരുന്നതിനിപ്പോൾ

നന്ദകുമാരകൻ മാത്രമാണു

കറ്റക്കാർവർണ്ണനെയല്ലതെ ഞാനിന്നു

മറ്റൊരുത്തനെയും വേൾക്കുകില്ല”

രുഗ്മിണിയ്ക്കീവേളിയിഷ്ടമില്ലെന്നമ്മ

രുഗ്മിയോടങ്ങു പറഞ്ഞ നേരം

രുഗ്മിയുമോതിനാൻ,“എന്നുടെ നിശ്ചയം

അമ്മേ ഞാൻ മാറ്റുകയില്ല, തീർച്ച.

എന്നുടെ സോദരി തന്നുടെ ഭർത്താവായ്

ഇന്നെന്റെ തോഴനാം ചേദിപൻ താൻ

യാദവരാജനാം കൃഷ്ണന്നൊരിയ്ക്കലും

സോദരി തന്നെ ഞാൻ നൽകുകില്ല.

രാമനും കൃഷ്ണനും വന്നുവെന്നാലപ്പോൾ

കേമമായ് സംഗരമുണ്ടായ് വരും.

കൂട്ടുകാരൊത്തുകൊണ്ടപ്പൊഴേ ഞാനങ്ങു

ചേട്ടാനിയന്മാരെ കൊല്ലുമല്ലൊ?“

അന്തപ്പുരത്തിലെസർവ്വജനങ്ങൾക്കും

സന്താപമുണ്ടായിയിക്കാര്യത്തിൽ

അന്തപ്പുരത്തിലെസ്സേവകനാകുന്ന

സുന്ദരബ്രാഹ്മണനെന്ന വിപ്രൻ

ആരുമടുത്തെങ്ങുമില്ലെന്നു കണ്ടപ്പോൾ

ആരണൻ രുഗ്മിണി തന്നോടോതി:

“സന്താപമൊക്കെക്കളയുക, രുഗ്മിണീ

സന്തോഷം നൽകുവാനുണ്ടു ഞാനും

ഞാനൊരു കാര്യം പറയുന്നത് കേട്ടു

വേഗമനുസരിച്ചീടു ഭദ്രേ!

എല്ലാവിവരവും ചൊല്ലി നീ കത്തൊന്നു

മല്ലാരിയ്ക്കേകാനെൻ കയ്യിൽ നൽകൂ

ആരുമറിയണ്ടാ,വേഗമെഴുന്നേൽക്കൂ

കാര്യങ്ങളൊക്കെ നടന്നിടട്ടേ!

(തുടരും)

Tuesday, August 18, 2009

ദസമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച) പ്രലംബ വധം

പിന്നെയൊരുദിനം രാമനും കൃഷ്ണനും
ബാലകന്മാരൊത്തു കാനനം പോയ്
ഓരോതരമുള്ള കേളികളാടിനാന്‍
ബാലകന്മാരൊത്തു രാമകൃഷ്ണര്‍
തമ്മിലന്യോന്യമടിച്ചു കളിയ്ക്കുവാന്‍
സന്നദ്ധരായവര്‍ രണ്ടു പങ്കായ്
ഒന്നിനു നായകന്‍ രാമനെന്നാണു മ-
റ്റേ ഭാഗം നായകന്‍ കൃഷ്ണന്‍ താനും
തോറ്റവരൊക്കെ ജയിയ്ക്കുന്നവരെയു-
മേറ്റി നടക്കണമെന്നായ് വാതു
അങ്ങിനെ തണ്‍ഗളില്‍ രണ്ടു ഭാഗങ്ങളും
തമ്മിലടിച്ചു കളിയ്ക്കുന്നേരം
കംസന്റെ കിങ്കരനായ പ്രലംബനും
വന്നിതു കൃഷ്ണനെക്കൊല്ലാനായി
ഗോപാലവേഷവും പൂണ്ടവന്‍ വന്നിട്ടു
ബാലകരൊത്തു കളിയ്ക്കുന്നേരം
കണ്ണനറിഞ്ഞുടനണ്ണനെ നോക്കീട്ടു
കണ്ണിനാല്‍ സംജ്ഞയും നല്‍കീടിനാന്‍
ഓരോരോ ബാലകര്‍ തോറ്റോര്‍ ജയിച്ചോരെ
തോളിലുമേറ്റി നടന്നു കൊണ്ടാര്‍
ശ്രീദാമ കണ്ണനെ തോല്‍പ്പിച്ച നേരത്തു
കണ്ണനവനേയും തോളിലേറ്റി
തോറ്റു പ്രലംബനും രാമനോടേറ്റിട്ടു
ചെന്നവന്‍ രാമനെ തോളിലേറ്റി
രാമനെക്കൊന്നതിനപ്പുറം കൃഷ്ണനെ-
യേവംനിനച്ചങ്ങുയര്‍ന്നു വേഗം
ഭീകരമായുള്‍ല രൂപവും പൂണ്ടവന്‍
രാമനെക്കൊല്ലുവാന്‍നോക്കുന്നെരം
പെട്ടെന്നു രാമനും മുഷ്ടി ചുരുട്ടീട്ടു
ദുഷ്ടന്റെ മണ്ടയിലൊന്നിടിച്ചു
പൊട്ടിത്തകര്‍ന്ന ശിരസ്സുമായിട്ടവന്‍
പെട്ടെന്നു ഭൂമിയില്‍ വന്നു വീണു
ദേവകള്‍ പൂമാരി വര്‍ഷിച്ചു, കണ്ണനും
രാമനെ ചെന്നിട്ടങ്ങാശ്ലേഷിച്ചു
ബാലരുമാമോദാല്‍ രാമനെ നോക്കീട്ടു
ആര്‍ത്തു വിജയഘോഷം മുഴക്കി.

പിന്നെയൊരു ദിനം രാമനും കൃഷ്ണനും
ഗോപാലര്‍,ഗോക്കളുമൊത്തു കാട്ടില്‍
പുല്ലുകള്‍ തിന്നു നടന്നു പശുക്കളും
നല്ല ഋഷികവനത്തിലെത്തി
കാട്ടുതീ വന്നു പടര്‍ന്നതു കണ്ടുടന്‍
ഗോപാലബാലര്‍ കരഞ്ഞു ചൊല്ലി.
രാമാ, മഹാബലാ കൃഷ്ണാ കൃപാനിധേ
ദേഹം മുഴുവനും ചുട്ടീടുന്നു
രക്ഷിച്ചു കൊള്ളണേ ഞങ്ങളെ വേഗത്തില്‍
അഗ്നിയില്‍ നിന്നുമകറ്റണമേ
കണ്ണനും ചൊല്ലിനാന്‍ പേടിയുണ്ടെന്നാകില്‍
കണ്ണടച്ചീടണം വേഗം തന്നെ.
ആയതുകേട്ടവര്‍ കണ്ണുമടച്ചപ്പോള്‍
പാനവും ചെയ്തിതു കണ്ണന്‍ തീയെ
ബാലകര്‍ തന്നോടു ചൊല്ലി മുകുന്ദനും
തീയെല്ലാം കെട്ടല്ലോ കണ്‍ തുറക്കൂ
കണ്ണു തുറന്നവര്‍ നോക്കവേ തീയതിന്‍
ലാഞ്ചനപോലുമേ കണ്ടതില്ല
അല്‍ഭുതമുണ്ടായി വന്നിതവര്‍ക്കെല്ലാം
കൃഷ്ണനെക്കെട്ടിപ്പുണര്‍ന്നാരവര്‍

Monday, August 17, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 (തുടര്‍ച്ച) 15
കാളിയമര്‍ദ്ദനം

രാമനെക്കൂടാതൊരുദിനം കൃഷ്ണനും
ഗോക്കളും ഗോപകുമാരരുമായ്
കാട്ടിലും ചെന്നങ്ങു ഗോക്കളെ തീറ്റീട്ട-
ങ്ങോരോ കളികളും ചെയ്താനവര്‍
നേരംവും നട്ടുച്ചയായിക്കഴിഞ്ഞപ്പോള്‍
പാരം തളര്‍ന്നിതു ഗോപാലരും
ദാഹവും ക്സുത്തുമതേറെയുണ്ടാകയാല്‍
ദാഹജലത്തെത്തിരഞ്ഞാരവര്‍
ചങ്ങാതി കൃഷ്ണനെയെത്ര തിരഞ്ഞിട്ടു-
മെങ്ങുമതായില്ല കണ്ടീടുവാന്‍
ഗോക്കളെക്കൂട്ടി നടന്നവരെത്തിനാന്‍
കാളിന്ദി തന്നുടെ തീരത്തിങ്കല്‍
വേഗം നദിയിലിറങ്ങിക്കുമാരരും
ഗോക്കളും വെള്ളം കുടിച്ച നേരം
പെട്ടെന്നു ദേഹവും കാലും തളര്‍ന്നവര്‍
മോഹിച്ചു ഭൂമിയില്‍ വീണിതല്ലോ
അന്നേരം കൃഷ്ണനും ചങ്ങാതിമാരേയു-
മന്വേഷിച്ചു വന്നു, ഗോക്കളേയും
കാളിന്ദി വക്കില്‍ മരിച്ചു കിടക്കുന്ന
ബാലരെ, ഗോക്കളെ കണ്ടു കൃഷ്ണന്‍
എങ്ങിനെയാണിവരിങ്ങു മരിച്ചതു
സംഗതിയെന്തെന്നുമോര്‍ത്തു കണ്ണന്‍
കാളഭുജംഗമാം കാളിയ സര്‍പ്പവും
കാളിന്ദി തന്നില്‍ വസിയ്ക്ക മൂലം
ഇന്നിവന്‍ തന്റെ വിഷം ചേര്‍ന്ന വെള്ളവും
ചെന്നു കുടിയ്ക്കയാല്‍ വന്നു മൃത്യു
ക്ണ്ണനും ചെന്നങ്ങവരെയും തന്നുടെ
കയ്യാല്‍ തലോടീട്ടു ജീവനേകി
നല്ലൊരുറക്കം കഴിഞ്ഞതുപോലവ-
രുല്ലാസമോടെയെണീറ്റു നിന്നു
കണ്ണനെ മുന്നിലായ് കണ്ടപ്പോള്‍ ബാലരും
സന്തോഷം കൊണ്ടു മതിമറന്നു
കാളിയന്‍ തന്നുടേ ദര്‍പ്പമടക്കുവാന്‍
നാളികനേത്രനുറച്ചു കൊണ്ടു
കാളിന്ദി വക്കിലായ് നില്‍ക്കും മരത്തിന്റെ
മേലേയ്ക്കു കേറിനാന്‍ ധൈര്യപൂര്‍വം
പീതാംബരപ്പട്ടു നന്നായി ചുറ്റീട്ട-
ങ്ങോടക്കുഴലതു വച്ചതിലായ്
ശങ്കിച്ചു നില്‍ക്കാതെ ചാടീ നദിയതില്‍
ചങ്ങാതിമാരങ്ങു നോക്കി നില്‍ക്കേ
ഗോപാലബാലരും ഗോക്കളുമൊക്കവേ
ആകുലത്തോടങ്ങു നോക്കി നിന്നു
കാളീന്ദി വെള്ളം കലങ്ങി മറഞ്ഞിതു
കായാമ്പൂവര്‍ണ്ണനും ചാടുകയാല്‍
ഘോഷമിതെന്തെന്നറീയുവാന്‍ സര്‍പ്പവും
ഘോഷേണ വന്നങ്ങു നോക്കുന്നേരം
കാളീന്ദി തന്നിലായ് നീന്തി രസിയ്ക്കുന്ന
കാര്‍വര്‍ണ്ണനെക്കണ്ടു കാളിയനും
കണ്‍നനെക്കൊത്താനായ് കാളിയന്‍ സര്‍പ്പവും
നന്നായ് ക്കുതിച്ചങ്ങു വന്നീടിനാന്‍
അങ്ങോട്ടുമിങ്ങോട്ടും നീന്തീട്ടു കണ്ണനും
നന്നായ് വലച്ചിതു കാളിയനെ
കണ്‍നന്‍ തളര്‍ന്നെന്ന മട്ടില്‍ക്കിടക്കവേ
ചെന്നങ്ങൂ ചുറ്റിനാന്‍ കണ്ണന്‍ തന്നെ
അമ്പാടിതന്നിലായന്നേരം കണ്ടിതു
വല്ലാതെയുള്ളോരു ദുര്‍ന്നിമിത്തം
അപ്പോഴവിടേയ്ക്കു വന്നോരു രാമനു
മെല്ലാമറിഞ്ഞങ്ങു ചൊല്ലിയേവം
താതനുമമ്മയും ഖേദിയ്ക്ക വേണ്ടൊട്ടും
കണ്ണനെ ഞാനിപ്പോള്‍ കൊണ്ടു വരാം
കൂട്ടുകാരൊക്കേയും കൂടവേയുണ്ടല്ലോ
പേടിയ്ക്ക വേണ്ടാ, ഞാന്‍ പോകുന്നിതാ
എന്നു പറഞ്ഞു നടന്നിതു രാമനും
പിന്നാലെ നന്ദാദി ഗോപന്മാരും
അമ്മ യ്ശോദയും, രോഹിണി, ഗോപിമാര്‍
പിന്നാലെ യെല്ലാരും പോയി ദു:ഖാല്‍
കണ്ണനെ നന്നായ് തിരഞ്ഞു തിരഞ്ഞവര്‍
ചെന്നെത്തി കാളിന്ദി തീരം തന്നില്‍
പൊട്ടിക്കരഞ്ഞണ്‍ഗു നില്‍ക്കുന്ന ബാലരെ
ക്കണ്ടു ചോദിച്ചപ്പോള്‍ രാമന്‍ താനും
നിങ്ങള്‍ കരയുന്നതെന്തിനായെങ്ങുപോയ്
കണ്ണന്‍,പറയുവിന്‍ കൂട്ടുകാരേ
ബാലകര്‍ കൈ ചൂണ്ടിക്കാട്ടി കാളിന്ദിയില്‍
കാളിയന്‍ കണ്ണനെ ചുറ്റിയതും
ഓടി വന്നെത്തിയ താത മാതാക്കളും
കണ്ടിതു കണ്ണനെ കാളിന്ദിയില്‍
ചാടാനൊരുങ്ങിയ താത മാതാക്കളെ
രാമന്‍ തടുത്തു പറഞ്ഞാനേവം
സന്താപമൊക്കെയും നീക്കണം നിങ്ങള്‍ തന്‍
ചെന്താമരാക്ഷ്നുമിങ്ങെത്തിടും
കണ്ണനു കേടുകളൊന്നും ഭവിയ്ക്കില്ല
നിങ്ങളെന്‍ വാക്കുകള്‍ വിശ്വസിയ്ക്കൂ
അമ്മ തന്‍ ദു:ഖവും ഏട്ടന്‍ പറഞ്ഞതും
കേട്ടുടന്‍ കണ്ണനും തന്റെയുടല്‍
ഒന്നു കുടഞ്ഞപ്പോള്‍ ചുറ്റുകള്‍ വേര്‍പെട്ടു
കാളിയന്‍ ദൂരെ തെറിച്ചു വീണു
ഓടിയണഞ്ഞവനെത്തുന്ന നേരത്തു
ചാടി ഫണത്തില്‍ കരേറി കൃഷ്ണന്‍
ഓടക്കുഴലും വിളിച്ചു കൊണ്ടങ്ങനെ-
യോരോ ഫണത്തിലും നൃത്തമാടി
ആടിനാന്‍ പാടിനാനപ്സരസ്ത്രീകളും
തൂകിനാന്‍ പൂ മലര്‍ ദേവന്മാരും
കാളിയന്‍ തന്നുടെയോരോ ഫണത്തിലും
വാരിജലോചനന്‍ നൃത്തമാടി
പീലിത്തിരുമുടി കെട്ടഴിഞ്ഞീടിനാന്‍
മാലകള്‍ പൊട്ടി നുറുങ്ങി വീണു
കങ്കണം, കാല്‍ത്തളയെല്ലാം കിലുങ്ങിനാന്‍
മഞ്ഞപ്പട്ടാട കിഴിഞ്ഞുലഞ്ഞു
കോമളനാകിയ കണ്ണന്റെ നൃത്തവും
ഭാവവും കാണുവാനെന്തു ഭംഗി!
കാളിയ സര്‍പ്പവും ചോരയും ഛര്‍ദ്ദിച്ചു
പാരം തളര്‍ന്നവന്‍ ദര്‍പ്പം പോയി
കാളിയന്‍ തന്റെ കളത്രവും പുത്രരും
വന്നുടന്‍ കണ്‍നന്റെ സ്യ്ഹോത്രം ചെയ്തു
പാഹിമാം പാഹിമാം ഗോകുലനായക
പാഹി മുകുന്ദാ മുരാരേ കൃഷ്ണാ!
വല്ലവീ വല്ലഭാ കൊല്ലരുതേ ഭവാന്‍
ഇന്നിവന്‍ തന്നെയും ദേവ ദേവാ
ഇന്നിവന്‍ തന്നെയുമങ്ങു വധിയ്ക്കുകില്‍
ഞങ്ങളനാധരായ് ത്തീരുമല്ലോ
ഇന്നിവന്‍ തന്നുടെ ദര്‍പ്പവും തീര്‍ത്തണ്‍ഗു
നന്ദസൂനോ ഭവാന്‍ രക്ഷ ചെയ്യൂ
ഏവമവരുടെ വാക്കുകള്‍ കേട്ടപ്പോള്‍
ദേവനും പുഞ്ചിരി പൂണ്ടു ചൊല്ലി
കൊല്ലുന്നതില്ല ഞാന്‍ ഇന്നിവന്‍ തന്നുടെ
ദര്‍പ്പത്തെ തീര്‍പ്പതിനായിച്ചെയ്തു
നിങ്ങളും കാളീന്ദി വിട്ടങ്ങു പോയാലേ
ഇന്നീ നദിയതു ശുദ്ധമാകൂ
നല്ല രമനകമെന്നുള്ള ദ്വീപതില്‍
ചെന്നു വസിയ്ക്കുക സൌഖ്യമായി
ഏവം മുകുന്ദന്റെ വാക്കുകള്‍ കേട്ടുടന്‍
കാളിയന്‍ താനും തൊഴുതു ചൊല്ലി
അങ്ങു വസിയ്ക്കുന്ന രൂക്ഷനാം താര്‍ക്ഷ്യനും
ഞണ്‍ഗളെയല്ലാമേ കൊന്നു തിന്നും
കണ്‍നനും ചൊല്ലിനാന്‍ പേടിയ്ക്ക വേണ്ടാ നീ
എന്നുടെ കാലടി നിന്നിലുണ്ടു
ആയതു കൊണ്ടുടല്‍ പോയാലും നിങ്ങള്‍ക്കു
പേടിയ്ക്ക വേണ്ടാ ഗരുഡന്‍ തന്നെ
കണ്‍നനു കാഴ്ച്ചയയ് നാഗരത്നങ്ങളും
നല്‍കി വന്ദിച്ചവര്‍ യാത്രയായി
രാമനെ ചെന്നങ്ങു വന്ദിച്ചു കൃഷ്ണനും
രാമനുമാമോദത്തോടെ പുല്‍കി
താതമാതാക്കള്‍ തന്‍ മുന്നിലും ചെന്നിട്ട-
ങ്ങാദരപൂര്‍വ്വേണ വന്ദിച്ചവര്‍
കണ്‍നനെ കെട്ടിപ്പുണര്‍ന്നവര്‍, ഉണ്ണിയ്ക്കു
നന്മകള്‍ നേര്‍ന്നിതു കണ്ണുനീരാല്‍
നേരവും രാത്രിയായെന്നതു കണ്ടവര്‍
രാത്രി കഴിച്ചു വനത്തിനുള്ളില്‍
ഏവരും നന്നായുറങ്ങുന്ന നേരത്തു
കത്തിവന്നീടിനാന്‍ കാട്ടു തീയും
ഉച്ചത്തിലേവരും നന്നായ് കരഞ്ഞ്അല്ലോ
അച്ച്യുതാ കാക്കണമെന്നു ചൊല്ലി
കണ്ണനുമോതിനാന്‍ നിങ്ങളെല്ലാവരും
കണ്ണടച്ചീടുവിന്‍, പേടിയ്ക്കണ്ടാ
കണ്‍നടച്ചീടിനാന്‍ പേടിയോടെയവര്‍
കണ്ണനുമഗ്നിയെ പാനം ചെയ്തു
കണ്ണു തുറന്നവര്‍ നോക്കുന്ന നേരത്തു
തീയുമേയില്ല, പുകയുമില്ല
ആശ്ചര്യപ്പെട്ടുടന്‍ മാതാപിതാക്കളു-
മാശ്ലേഷണം ചെയ്തു കൃഷ്ണനെയും.

ദശമം(ശ്രീകൃഷ്ണാവതാരം)

ഭാഗം -1 (തുടര്‍ച്ച) 14
ധേനുകവധം

പിന്നെയൊരു ദിനം രാമനും കൃഷ്ണനും
കൂട്ടരോടൊത്തങ്ങു കാട്ടില്‍ പുക്കു
ഓടിയും ചാടിയുംപാടിക്കളിച്ചുകൊ-
ണ്ടോരോരോ ദിക്കിലൊളിച്ചു കൊണ്ടും
മാമരേ തൂങ്ങുന്ന വാനരന്മാരുടെ
വാലുപിടിച്ചു രസിച്ചു കൊണ്ടും
പൂച്ചയെപ്പോലെയും തത്തയെപ്പോലെയു-
മൊച്ച്യുണ്ടാക്കീട്ടു കേളിയാടി
കണ്‍നന്റെ യുറ്റസഖിയാം സുദാമാവു
കണ്‍നനോടോതിനാന്‍ മന്ദഹാസാല്‍
രാമാ, ബലരാമാ, കൃഷ്ണാ, ജനാര്‍ദ്ദനാ
മാമകവാക്യണ്‍ഗള്‍ കേട്ടുകൊള്‍ക!
അല്‍പ്പമകലത്തായുണ്ടൊരു കാനനം
താലഫലത്തലതിപൂരിതം
നല്ലഫലമതു തിന്നുവാന്‍ ഞങ്ങള്‍ക്കു
നന്നായിട്ടാശയുമുണ്ടു കൃഷ്ണാ
ആ കാടകത്തിന്നു വാഴുന്നതെത്രയും
ദുഷ്ടനായുള്ളോരു ധേനുകനും
അങ്ങോട്ടു പോകുന്ന മര്‍ത്ത്യരെയൊക്കെയും
കൊന്നൊടുക്കിയവന്‍ തിന്നിടുന്നു
ആയവന്‍ തന്നെ നീ കൊന്നിട്ടു ഞങ്ങള്‍ക്കു
താലഫലങ്ങളും തന്നിടേണം
വാക്കതു കേട്ടപ്പോള്‍ വീരന്‍ ബലരാമന്‍
മുന്‍പെ നടന്നിതു കണ്ണനൊപ്പം,
രാമനും ചെന്നങ്ങു തന്റെ കരത്താലെ
താലമരങ്ങള്‍ കുലുക്കിയപ്പോള്‍
പക്വഫലങ്ങളുമൊക്കെ പ്പരന്നിതു
ഭൂതലേ കാടിന്നകത്തപ്പൊഴേ
നല്ല ഫലണ്‍ഗാതെല്ലാമെടുത്തുടന്‍
തിന്നു രസിച്ചിതു ബാലന്മാരും
ഒച്ചയതുകേട്ടങ്ങെത്തിനാന്‍ ധേനുകന്‍
എത്രയും ഘോരമായാര്‍ത്തു കൊണ്ടു
ധേനുകന്‍ തന്നുടെ കാലുപിടിച്ചിട്ടു
രാമന്‍ മരത്തിലടിച്ചു കൊന്നു
ധേനുകന്‍ തന്നുടെ കിംകരന്മാരേയും
രാമനും കൃഷ്ണനും കൊന്നുവീഴ്ത്തി
താലഫലണ്‍ഗളെടുത്തു സന്നദ്ധരായ്
ഗോകുലം തന്നിലും ചെന്നു ബാലര്‍
ദേവിമാര്‍ മക്കളെ നന്നായ് കുളിപ്പിച്ചു മോദേന ഭക്ഷണം നല്‍കീടിനാര്‍.

Sunday, August 16, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

രാമനും കൃഷ്ണനും ബാലകരൊത്തുടന്‍
ഗോക്കളെത്തീറ്റി നടക്കും കാലം
കംസന്റെ കിംകരനായ വത്സാസുരന്‍
ഗോവിന്‍സ്വരൂപമായ് വന്നുചേര്‍ന്നാന്‍
കണ്ണനറിഞ്ഞുടന്‍ കാലില്‍ പിടിച്ചിട്ടു
മന്നിലടിച്ചങ്ങു കൊന്നുവല്ലോ?
അത്ഭുതപ്പെട്ടുപോയ് ഗോപാലബാലരും
പുഷ്പവര്‍ഷങ്ങളും ചെയ്തു ദേവര്‍

കൊക്കിന്റെ വേഷമായ് വന്നു ബകാസുരന്‍
കൃഷ്ണനെക്കൊല്ലുവാന്‍ കംസവാക്കാല്‍
കൊത്തി വിഴുങ്ങുവാന്‍ വന്നോരവനേയും
കൊക്കു പിളര്‍ത്തീട്ടു കൊന്നു കൃഷ്ണന്‍
വിസ്മയപ്പെട്ടിതു ഗോപാലരൊക്കെയും
സൂനങ്ങള്‍ വര്‍ഷിച്ചു ദേവന്മാരും

പിന്നെയൊരു ദിനം രാമനും കൃഷ്ണനും
ബാലരോടൊത്തൊരു കാനനത്തില്‍
നന്നായ് ക്കളിയ്ക്കവേ വന്നിതഘാസുരന്‍
പാമ്പിന്റെ വേഷമായ്, കംസഭൃത്യന്‍
ഘോരനാംസര്‍പ്പത്തിന്‍ രൂപേ വഴിയതില്‍
വായും പിളര്‍ന്നു കിടന്നു പൊണ്ണന്‍
ഗോപാലബാലരും നല്ല ഗുഹയെന്ന-
തേവം നിനച്ചവന്‍ വായില്‍ക്കേറി
ബാലകന്മാരൊക്കെ സര്‍പ്പത്തിന്‍ വായയില്‍
ചാലെക്കടന്നതു കണ്ടു കണ്ണന്‍
ഇന്നിനിവേണ്ടതെന്താണെന്നു ചിന്തിച്ചു
ചെന്നവന്‍ തന്നുടെ വായില്‍പ്പുക്കു
വായയും പൂട്ടിന്നാന്‍ ഘോരനാം സര്‍പ്പവും
മായാമയനും വളര്‍ന്നുയര്‍ന്നു
ശ്വാസം കിട്ടീടാതെ നന്നായ് വലഞ്ഞുടന്‍
കംസന്റെ കിങ്കരന്‍ ചത്തു വീണു
കണ്ണന്റെയിക്കളി കണ്ടൊരു ദേവകള്‍
നന്നായി വാഴ്ത്തിസ്തുതിച്ചിതേവം
ബാലകന്മാരേയും കണ്ണന്‍ തന്‍ കയ്യാലേ
ചാലേയെണീപ്പിച്ചു ജീവനേകി
ആമോദത്തോടപ്പോല്‍ കൃഷ്ണനെ രാമനും
വാരിപ്പുണര്‍ന്നു ചുംബിച്ചിതപ്പോള്‍.

രാമനും കൃഷ്ണനും കാട്ടിലൊരു ദിനം
ബാലകരോടും പശുക്കളോടും
ഭോജനം ഭാജനം കയ്യിലെടുത്തുടന്‍
കാനനേ ചെന്നു കളിച്ചീടുവാന്‍
ദേവി യശോദയും ബാലക്ന്മാരെയും
തേച്ചു കുളിപ്പിച്ചലങ്കരിച്ചു
നീലക്കാര്‍കൂന്തലു ചീന്തി മിനുക്കീട്ടു
മാലയും ചുറ്റീട്ടു പീലി കുത്തി
ഫാലത്തില്‍ ഗോപിക്കുറിയുമണിയിച്ചു
വാലിട്ടെഴുതിനാന്‍ കണ്ണുകളും
നന്മുഖം ചുംബിച്ചു,കാതിലും മിന്നുന്ന
നല്ല കടുക്കനും ചാര്‍ത്തിച്ചേവം
മാറില്‍ പുലിനഖ മാലയണിയിച്ചു
പിന്നെ വനമാല ഹാരങ്ങളും
പീതാംബരപ്പട്ടും ചാര്‍ത്തിയതിന്മേലെ
കിങ്ങിണി പൊന്നരഞ്ഞാണം ചാര്‍ത്തി
കൈകളില്‍ മോതിരം കങ്കണവുമിട്ടു
കാലില്‍ കിലുങ്ങുന്ന പൊഞ്ചിലമ്പും
രാനെയീവിധം തന്നെയണിയിച്ചു
വര്‍ണ്ണത്തില്‍ മാത്രമേയുള്ളൂ മാറ്റം
മിന്നുന്നോരോടക്കുഴലും കൊടുത്തമ്മ
കയ്യിലായ് ഭോജനപാത്രമതും
ബാലകന്മാരോടു ചൊല്ലി യശോദയും
പോകല്ലേ കാളിന്ദീ വക്കില്‍ നിങ്ങള്‍
എന്നു പറഞ്ഞിട്ടവരെത്തഴുകീട്ടു
തന്നുടെ ജോലിയ്ക്കായ് പോയിയമ്മ

ബാലന്മാരും ബലരാമന്‍ മുകുന്ദനും
കാലികളൊത്തു കളിച്ചു കാട്ടില്‍
ഓടക്കുഴലൂതി പാട്ടുകള്‍ പാടിയും
ചാലേക്കളികളും ചെയ്താരവര്‍
രാമനും കൃഷ്ണനും ബാലകരൊത്തിട്ടു
ഭോജനമുണ്ണാനിരുന്നു മോദാല്‍
മേല്‍പ്പോട്ടുരുളകള്‍ പൊക്കിയെറിഞ്ഞതു
കീഴ്പ്പോട്ടിങ്ങെത്തുമ്പോള്‍ വായിലാക്കും
കൂട്ടുകാര്‍ തന്നുടെ പാത്രങ്ങളിലവര്‍
കാണാതെ കയ്യിട്ടു കയ്ക്കലാക്കും
ഇങ്ങിനെയങ്ങവര്‍ മോദിച്ചിരിയ്ക്കവേ-
യങ്ങകലത്തേയ്ക്കു പോയി ഗോക്കള്‍
കണ്ണനോതി നിങ്ങളുണ്ണുവിന്‍ ഞാനങ്ങു
ചെന്നു പശുക്കളെത്തേടീടുവന്‍
കയ്യിലുരുളയുമോടക്കുഴലുമായ്
കണ്ണന്‍ പശുക്കളെത്തേടിപ്പോയി
എങ്ങു തിരഞ്ഞീട്ടും കണ്ടീലാ പൈക്കളെ
എന്തിതിന്‍ കാരണമോര്‍ത്തു കണ്ണന്‍
മര്‍ത്ത്യനാം കണ്ണന്റെ ശക്തിയറിയുവാന്‍
ഗോക്കളെയൊക്കെ മറച്ചു വിധി.
കണ്ണനും വേഗം തിരിച്ചു ബാലന്മാര-
ങ്ങുണ്ണും സ്ഥലത്തായി വന്ന നേരം
ഗോപാലബാലകന്മാരേയും കണ്ടില്ല
ഏട്ടനേപ്പോലുമേ കണ്ടതില്ല
തന്നെപ്പരീക്ഷിപ്പാനായി വിരിഞ്ചനും
ഇന്നിതു ചെയ്തതാണെന്നറിഞ്ഞു
എന്നാലവനുമിന്നെന്നുടെ ശക്തിയെ
നന്നായറിയണമോര്‍ത്തു കൃഷ്ണന്‍
ബാലകവൃന്ദവും ഗോക്കളെയൊക്കെയും
തന്നുടെ ശക്തിയാലുണ്ടാക്കിനാന്‍
എന്നിട്ടവരൊപ്പം മുന്നത്തെപ്പോലവേ
ഭോജനം ചെയ്തിതു ദേവദേവന്‍
കണ്ണന്റെ വേലകളെന്തെന്നറിയുവാന്‍
ബ്രഹ്മനും കീഴോട്ടു നോക്കുന്നേരം
ഗോപാലബാലരും നല്പശുവൃന്ദവും
കണ്ണന്നരികിലായ് കണ്ടു നില്‍പ്പൂ
തന്റെയരികിലുംകണ്ണന്നരികിലു
മുണ്ടു പശുക്കള്‍, ബാലന്മാര്‍ ചിത്രം!
കണ്ണുമടച്ചണ്‍ഗു നിന്നു വിരിഞ്ചനു-
മിന്നിനിയെന്തൊന്നു വേണമോര്‍ത്തു
പിന്നെ നയനം തുറന്നു നോക്കീടവേ
കണ്ടിതു താഴെയായ് വിഷ്ണുരൂപം
തന്നുടെ തെറ്റുപൊറുക്കുവാന്‍ വേഗത്തില്‍
കണ്ണന്റെ കാലടി വന്ദിയ്ക്കേണം
എന്നു നിനയ്ക്കവേ താഴത്തു കണ്ടിതു
പൊന്നുണ്ണിക്കൃഷ്ണനെയേകനായി
താപവും ഭീതിയും പൂണ്ടു വിരിഞ്ചനും
ഭൂതലേ ചെന്നു നമിച്ചു പാദംഭക്തിപുരസ്സരം നേത്രം നിറഞ്ഞുടന്‍
കണ്ണന്റെ കാലടി തന്നില്‍ വീണു
ഞാനറിയാതങ്ങു ചെയ്തൊരീ തെറ്റിന്നു
ദീനബന്ധോ ഹരേ! നീ പൊറൊക്ക!
മര്‍ത്ത്യനായ് ത്തീര്‍ന്നപ്പോളങു തന്‍ ശക്തിയ-
തെത്രയുണ്ടെന്നറിയാനതായി
ചെയ്തൊരീ തെറ്റിതെല്ലാം പൊറുക്കേണം
നല്‍കീടവേണമേ മാപ്പെനിയ്ക്കു
സൃഷ്ടിച്ചും രക്ഷിച്ചും സംഹരിച്ചുമിന്നി-
തൊക്കെ ഭവാനല്ലോ കൃഷ്ണ, കൃഷ്ണാ!
മൂര്‍ത്തികള്‍ മൂവരും നീ തന്നെയല്ലയോ
ഞാനും ഭവാനുടെ സൃഷ്ടി തന്നെ!
സര്‍വ്വാപരാധം പൊറുത്തു കൊള്ളേണമേ
സര്‍വ്വേശ്വര!ഹരേ! വാസുദേവാ!
ഏവം സ്തുതിച്ചൊരു ബ്രഹ്മനോടോതിനാന്‍
പോവുക ഞാനിന്നു മാപ്പു തന്നു
വന്ദിച്ചു കൃഷ്ണനെ മൂന്നു വലം വച്ചു
ബ്രഹ്മനും പോയിനാന്‍ സത്യലോകം.