Friday, February 27, 2009

കുറൂരമ്മ

ശ്രീഗുരുവായൂരപ്പന്റെ പാദഭക്തരായ പൂന്താനവും മേല്‍പ്പത്തൂരും വില്വമംഗലവും കുറൂരമ്മയുമൊക്കെ ഒരേ കാലത്തു ജീവിച്ചിരുന്നവരാണല്ലോ? അതില്‍ കുറൂരമ്മയെ നമുക്കൊന്നു അനുസ്മരിയ്ക്കാം. ഈ കഥയില്‍ കുറൂരമ്മയെപ്പറ്റി എന്റെ ഭാവനയ്ക്കനുസരിച്ചു മാത്രം എഴുതിയിട്ടുള്ളതിനാല്‍ കഥയില്‍ വ്യത്യാസം കണ്ടേയ്ക്കാം.





കുറൂരമ്മ വളരെ കുട്ടിക്കാലം തൊട്ടേ ശ്രീകൃഷ്ണ ഭക്തയായിരുന്നു.എല്ലാ മാസവും ഗുരുവായൂര്‍ പോയി ദര്‍ശനം കഴിയ്ക്കും. നമ്പൂതിരി ചെറുപ്പത്തിലേ മരിച്ചു. കുട്ടികളും ഉണ്ടായില്ല. ബന്ധുക്കളാണെങ്കില്‍ അവരെ ഒറ്റയ്ക്കാക്കി വേറിട്ടു താമസവുമായി. കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ള മുതലുണ്ടെങ്കിലും അതു നോക്കി നടത്താന്‍ ആളില്ലാതെ പോയി. പരിചാരികയായ ലക്ഷ്മിയും മകന്‍ മാധവനും കുറൂരമ്മയ്ക്കു തുണയായി ഉണ്ടായിരുന്നു. വളപ്പില്‍ പ്രയത്നിച്ചിട്ടു മാധവനും ലക്ഷ്മിയും പച്ചക്കറികളും മറ്റും ഉണ്ടാക്കും . അതു അവര്‍ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും . അങ്ങനെ അവര്‍ കഴിഞ്ഞു കൂടി.

കുറൂരമ്മ ദാസിയോടു പറയാറുണ്ടായിരുന്നു:

കുറൂരമ്മ: “ലക്ഷ്മീ...എനിയ്ക്കു വയസ്സായാല്‍ ആരാണു എന്നെ നോക്കുക? അമ്പാടിക്കണ്ണന്‍ എന്നെ ബുദ്ധിമുട്ടിയ്ക്കാതെ കൊണ്ടുപോയാല്‍ മത്യായിരുന്നു. ഞാനെത്ര മഹാപാപിയാണു, അല്ലെ? ഭര്‍ത്താവും പുത്രനും ബന്ധുക്കളുമില്ലാത്ത പാപി. കുറച്ചു കഴിഞ്ഞാല്‍ നിങ്ങളും എന്നെ ഉപേക്ഷിയ്ക്കില്ലെ?“

ലക്ഷ്മി: (സങ്കടത്തോടെ) അരുതു, തമ്പുരാട്ടീ. അങ്ങനെയൊന്നും വിചാരിയ്ക്കരുതു. ...അടിയനും മോനും തമ്പുരാട്ടിയെ വിട്ടു പോകില്ല. നമുക്കു സഹായത്തിനു ശ്രീ ഗുരുവായൂരപ്പനുണ്ടു. സമാധാനിയ്ക്കൂ!”

കുറൂരമ്മ: (ദീര്‍ഘനിശ്വാസത്തോടെ നെഞ്ചത്തു കൈ വച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട്) “ഉണ്ണിക്കൃഷ്ണാ...എനിയ്ക്കാരുമില്ലാ...അവിടുന്നല്ലാതെ....”

പശുക്കറവയുണ്ടായിരുന്നതിനാല്‍ കുറൂരമ്മ ദിവസവും ശ്രീലാകത്തു കണ്ണനു പാലും വെണ്ണയും നിവേദിയ്ക്കും, ദാസിയോടു പറയും:

“ഈ പാലും വേണ്ണയും തിന്നാന്‍ ഒരു കുട്ടി പോലും ഇവിടെയില്ലല്ലോ, ലക്ഷ്മീ....”
അപ്പോള്‍ ലക്ഷ്മി സമാധാനിപ്പിയ്ക്കും.

ഒരു ദിവസം മാധവന്‍ ചന്തയില്‍ നിന്നും വന്നപ്പോള്‍ ഒക്കത്തു അമ്പാടിക്കണ്ണനെപ്പോലെ സുന്ദരനായ ഒരു ബാലനും ഉണ്ടായിരുന്നു.

മാധവന്‍ :(സന്തോഷത്തോടെ) “അമ്മേ..തമ്പുരാട്ടീ, നോക്കൂ..ഇതാ എന്റെ കയ്യില്‍ ഒരു ഉണ്ണി. നമുക്കു ഗുരുവായൂരപ്പന്‍ തന്ന നിധിയാണു.”

കുറൂരമ്മയും ലക്ഷ്മിയും മാധവന്റെ കൈയ്യിലെ ഉണ്ണിയെ അത്ഭുതപൂര്‍വ്വം നോക്കി. കഷ്ടിച്ചു ഒന്നര വയസ്സേ തോന്നിയ്ക്കൂ! എന്തൊരു മുഖശ്രീ!

കുറൂരമ്മ: “മാധവാ...നിനക്കു എവിടെ നിന്നാണു ഈ കുട്ടിയെ കിട്ടിയതു? ഇതിന്റെ അച്ഛനുമമ്മയും ഇതിനെ കാണാഞ്ഞു വിഷമിയ്ക്കുകയാവും. എവിടെ നിന്നു കിട്ടിയോ അവിടെത്തന്നെ കൊണ്ടു ചെന്നാക്കൂ!”

മാധവന്‍: “ഇല്ല, തമ്പുരാട്ടീ..ഈ കുട്ടിയ്ക്കു ആരും തന്നെ ഇല്ലെന്നാണറിഞ്ഞതു. ഞാന്‍ പല ആള്‍ക്കാരോടും ചോദിച്ചു. ആര്‍ക്കും കുട്ടിയെ നഷ്ടപ്പെട്ടിട്ടില്ല. ഇതു തമ്പുരാട്ടിയ്ക്കു ദൈവം അറിഞ്ഞു തന്ന നിധിയാണു. നമുക്കിവനെ വളര്‍ത്താം. ആരെങ്കിലും വന്നാല്‍ തെളിവുകളുണ്ടെങ്കില്‍ കൊടുക്കാം.. അമ്മേ...ഈ കുട്ടിയെ നല്ല പോലെ കുളിപ്പിച്ചു ചരടും പട്ടു കോണകവുമുടുപ്പിയ്ക്കൂ!”

കുറൂരമ്മയ്ക്കു കുട്ടിയെ എടുത്തു മാറോടണയ്ക്കാന്‍ കൊതി തോന്നി. എന്നാലും ആരുടെ കുട്ടി, ഏതു ജാതി എന്നൊന്നും അറിയാതെ ഒന്നു തൊടാന്‍ പോലും വൈമനസ്യം! ലക്ഷ്മി മാധവന്റെ ഒക്കത്തിരുന്ന കുട്ടിയെ എടുത്തു കുളിപ്പിയ്ക്കാനൊരുങ്ങി. കുറൂരമ്മ ഉണ്ണിയെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ ഉണ്ണിയെ വാങ്ങി ഉമ്മ വച്ചു. വേഗം വെള്ളം ചൂടാക്കി എണ്ണ തേച്ചു കുളിപ്പിച്ചു, പട്ടു കോണകമുടുപ്പിച്ചു. എന്തൊരു സുന്ദരക്കുട്ടന്‍!

കുറൂരമ്മ ആനന്ദവും അത്ഭുതവും പൂണ്ടു നില്‍ക്കുമ്പോള്‍ മാധവന്‍ പറഞ്ഞു: “ തമ്പുരാട്ടി സംശയിക്കണ്ടാ...വേഗം ഉണ്ണിയ്ക്കു നിവേദിച്ച പാലും പഴവും വെണ്ണയും ഒക്കെ കൊടുക്കൂ. അതിനു നല്ല വിശപ്പുണ്ടാകും.”

കുറൂരമ്മ ഒന്നു മടിച്ചു നിന്നെങ്കിലും അമ്മയുടെയും മകന്റേയും നിര്‍ബന്ധത്തിനു വഴങ്ങി വേഗം പാലും പഴവും വെണ്ണയും കൊണ്ടു വന്നു ഉണ്ണിയുടെ മുന്നില്‍ വച്ചു.

(തുടരും)

No comments:

Post a Comment