Wednesday, March 18, 2009

ദശമം..(ശ്രീകൃഷ്ണാവതാരം)

ഭാഗം-1


ശ്രീ വാസുദേവന്റെ ലീലാവതാരങ്ങള്‍
ചാലെയെഴുതുന്നോരെന്നെയിപ്പോള്‍
ശ്രീ ഗണനാഥനും വാണിയാം ദേവിയും
വന്നു വിളങ്ങേണം നാവു തന്മേല്‍!

നാരദമാമുനി, വ്യാസനും , ശ്രീശുകന്‍
പാരാതെയെന്നെ തുണച്ചിടേണം.
തെറ്റുകള്‍ വല്ലതും വന്നു ഭവിച്ചാലും
കുറ്റം പറയല്ലേയാരുമെന്നേ!

അച്ചുതന്‍ തന്നുടെ സല്‍ക്കഥയെന്നോര്‍ത്തു
പുച്ഛിയ്ക്കുകയില്ല സജ്ജനവും
നാരായന ഹരേ! കൃഷ്ണാ മുരാന്തകാ
പാലനം ചെയ്കെന്നെയെന്നുമെന്നും!

കഥാരംഭം


ദുഷ്ടരാം കംസാദി ഭൂപര്‍ തന്‍ ഭാരത്താല്‍
കഷ്ടത പൂണ്ടുളള ഭൂമിദേവി
ഗോരൂപം പൂണ്ടുടന്‍ സത്യലോകത്തെത്തി
ഒക്കെ വിരിഞ്ചനോടോതി ദേവി.

ബ്രഹ്മനത് കേട്ടു, രുദ്രാദി ദേവനു-
മൊന്നിച്ചു പാലാഴി തീരം പുക്കു
ഭക്തിപുരസ്സരം ഭക്തപ്രിയനായ
ശ്രീ മഹാവിഷ്ണുവെ സ്തോത്രം ചെയ്തു.

ബ്രഹ്മസ്തുതി കേട്ടു പാരം പ്രസന്നനായ്
ചിന്മയന്‍ താക് ഷ്യങ്കലേറിയെത്തി
കൊണ്ടല്‍ നേര്‍വര്‍ണ്ണന്റെ ദിവ്യമാം രൂപത്തെ
കണ്ടു വണങ്ങിനാന്‍ ബ്രഹ്മദേവന്‍

മന്ദസ്മിതം തൂകി കാരുണ്യമോടുടന്‍
ഇന്ദിരാവല്ലഭന്‍ ചൊല്ലിയേവം
“എന്താണിന്നേവരുമിത്രയും ദു:ഖത്താല്‍
എന്നെയും കാണുവാന്‍ വന്നതിപ്പോള്‍?”

ബ്രഹ്മനും ഭൂമി തന്‍ ദു:ഖങ്ങള്‍ സര്‍വ്വതു-
മന്‍പോടുണര്‍ത്തിനാന്‍ ദേവനോടു,
“എല്ലാമറിയുന്ന നിന്തിരുമേനിയു-
മിന്നിനി ഭൂമി തന്‍ ഭാരം തീര്‍ക്കൂ!”

ദേവനരുള്‍ ചെയ്തു,”നിങ്ങള്‍ തന്‍ ദു:ഖത്തെ
വേഗേന തീര്‍ക്കുന്നതുണ്ടു ഞാനും
യാദവ വംശത്തില്‍ ശ്രീ വസുദേവന്റെ
പുത്രനായ് ഞാന്‍ വരും കൃഷ്ണനായി

എന്നുടെ ജ്യേഷ്ഠനായ് വന്നു ജനിച്ചിടും
പന്നഗശ്രേഷ്ഠന്‍ അനന്തമൂര്‍ത്തി
മായയാം ദുര്‍ഗ്ഗയുമെന്റെ സഹജയായ്
വന്നു ജനിച്ചിടും നന്ദഗേഹേ

ദേവകളാം നിങ്ങളെന്റെ സഹായിയായ്
വന്നു ജനിയ്ക്കുക ഭൂതലത്തില്‍”
എന്നു പറഞ്ഞങ്ങവരെക്കടാക്ഷിച്ചു
ചിന്മയന്‍ താനും മറഞ്ഞുപോയി.

സന്തോഷമാര്‍ന്നുടന്‍ ബ്രഹ്മാദിദേവരും
സ്വന്തം പുരിയതില്‍ ചെന്നു ചേര്‍ന്നു
ശ്രീ മധുരാപുരി വാഴുന്ന രാജനാം
ഉഗ്രസേനസുതനായ കംസന്‍

ദുഷ്ടരാം കൂട്ടുകാരൊത്തവനെത്രയോ
ശിഷ്ടരായുള്ളോരെ ദ്വേഷം ചെയ്തു
അഛനുമമ്മയെപ്പോലുമേ കംസനും
പുച്ഛമായ് തന്നെയേകണ്ടതുള്ളൂ

ഉഗ്രസേനന്റെ സഹജനാം ദേവകന്‍
തന്നുടെ പുത്രിയാം ദേവകിയെ
ശൂരസേനസുതന്‍ ശൌരിയും വേട്ടിതു
പാരം മഹോത്സവത്തോടുകൂടി.

സോദരീസ്നേഹത്താല്‍ കംസനും ദമ്പതി-
മാരെ തന്‍ തേരതിലേറ്റിക്കൊണ്ടു
വാദ്യഘോഷത്തൊടും സേനാസമേതനായ്
പോകുമ്പൊഴാകാശദേശെ നിന്നായ്

കേക്കായിയിങ്ങനെ നല്ലൊരശരീരി
മൂര്‍ഖനാം കംസനും കേള്‍ക്കുവാനായ്
“ദുഷ്ടനാം കംസാ! ഈ ദേവകിയ്ക്കുണ്ടാകു-
മഷ്ടമ പുത്രനാം നിന്റെ കാലന്‍”

ഈ വിധം വാക്കുകള്‍ കേട്ടുടന്‍ കംസനും
ദേവകിദേവിയെ വെട്ടുവാനായ്
വാളുമായെത്തവേ ചെന്നു തടുത്തിതു
ശൌരിയും, ഖേദേനയോതിയേവം

“ദുര്‍ന്നയം ചെയ്യല്ലേ മന്നവാ! നീയിപ്പോള്‍
നിന്നുടെ സോദരിയല്ലേയിവള്‍?
എന്തു പിഴച്ചിതു നിന്നോടിവളുമേ?
കന്യാവധമിതു യുക്തമല്ല.

കല്യാണം ചെയ്ത ദിനത്തിലിവളേയും
കൊല്ലുന്നതെത്രയും കഷ്ടം! കഷ്ടം! “
ഏവം വസുദേവ വാക്കുകള്‍ കേട്ടിട്ടും
കംസനുണ്ടായില്ല ഭാവഭേദം

പിന്നെയും ചൊല്ലിനാന്‍ ശൌരിയവനോടു,
“എന്നുടെ ഭാഷിതം കേള്‍ക്കു, കംസാ,
ഇന്നിവള്‍ക്കുണ്ടാവും പുത്രരെയൊക്കവേ
നിന്നുടെ കൈയില്‍ ഞാന്‍ നല്‍കുന്നുണ്ടൂ

സത്യം പറയുന്നു, വിശ്വസിച്ചീടുക,
വിട്ടു തന്നീടുകെന്‍ ഭാര്യ തന്നേ”
ശൌരി തന്‍ സത്യത്തെ കേട്ടുടന്‍ കംസനും
പാരം ബഹുമാനമാര്‍ന്നുകൊണ്ടു

ദേവകി തന്നെയും വിട്ടുടന്‍ വേഗേന
പോകുവാന്‍ സമ്മതം നല്‍കീടിനാന്‍
ഭാര്യയുമൊന്നിച്ചു മന്ദിരം പുക്കുടന്‍
ഭീതി കലര്‍ന്നു വസിച്ചു ശൌരി

ശൌരി തന്‍ ഭാര്യയും രോഹിണീദേവിയും
കംസനിലുള്ളോരു പേടി മൂലം
അമ്പാടി തന്നിലും ചെന്നു വസിച്ചിതു
അമ്പോടു വല്ലാത്ത ദു:ഖത്തൊടെ

(തുടരും)

No comments:

Post a Comment