Wednesday, March 18, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ഇങ്ങിനെ കൊല്ലവുമൊന്നു കഴിഞ്ഞപ്പോള്‍
ദേവകി പെറ്റിട്ടൊരുണ്ണിയുണ്ടായ്
കോമളനാകുമാ ബാലനെ കണ്ടുടന്‍
മോദവുംദു:ഖവുമാര്‍ന്നു ശൌരി

തനുടെ സത്യത്തെ പാലിച്ചുകൊള്ളുവാന്‍
ഉണ്ണിയെ കൈയ്യിലെടുത്തുകൊണ്ടു
കംസന്റെ മന്ദിരം തന്നിലണഞ്ഞുടന്‍
നല്‍കി കരമതില്‍ പുത്രനേയും

വിസ്മയത്തോടുടന്‍ കംസനും ശൌരിയെ
സസ്നേഃഅം നോക്കി പറഞ്ഞിതേവം
“സത്യത്തെ പാലിച്ചു തന്നല്ലോ പുത്രനെ,
എത്രയും ധന്യന്‍ നീയെന്നു ചൊല്ലാം

ഇന്നിവന്‍ തന്നെ ഞാന്‍ കൊല്ലുന്നതുമില്ല
കൊണ്ടുപോയാലും നീയുണ്ണി തന്നെ
അഷ്ടമ പുത്രനാണല്ലോ മമ വൈരി
എട്ടാമന്‍ തന്നെ നീ തന്നാല്‍ മതി”

എന്നു പറഞ്ഞു മരുമകന്‍ തന്നെയും
നന്നായ് പുണര്‍ന്നു കൊടുത്തു കൈയ്യില്‍
നന്ദനന്‍ തന്നെയും വാങ്ങി വസു ദേവന്‍
മന്ദിരം തന്നിലും ചെന്നു വാണു

അന്നേരം നാരദമാമുനി കംസന്റെ
മന്ദിരം തന്നിലും വനതപ്പോള്‍
പൂജിച്ചിരുത്തി മുനിയേയും കംസനും
സാദരം നാരദന്‍ ചൊല്ലിയേവം

“ദേവകി തന്നുടെ പുത്രനെക്കൊല്ലാതെ
നീയെന്തു വിട്ടങ്ങയച്ചു കംസാ?
നിന്നുടെ ശത്രുവാ അഷ്ടമനാണെന്ന-
തെങ്ങിനെ നിശ്ചയിയ്ക്കുന്നു രാജാ?

പിന്നെയും ദേവകള്‍ പറ്റിയ്ക്കുമെന്നതും
നിന്നുടെയോര്‍മ്മയിലുണ്ടാവണം
മിത്രണ്‍ഗളായവരൊക്കെയും നിന്നുടെ-
ശത്രുവായ് വന്നിടുമെന്നറിക

ആപത്തു വന്നങ്ങടുത്തു, നിനക്കെടോ
ഭൂപതേ, വേണ്ടതു ചെയ്തു കൊള്‍ക!
ഞാനും മടങ്ങുന്നു, നിന്നുടെ വൈരിയ-
താരെന്നു നോക്കിയറിഞ്ഞു കൊള്‍ക!”

ഇത്തരം നാരദന്‍ ഏഷണിയുമോതി
സത്വരമങ്ങു മറഞ്ഞുപോയി.
കംസനും കോപം മുഴുത്തുടന്‍ ദേവകീ-
നന്ദനന്‍ തന്നെയും കൊന്നു വേഗം.

ആറുകുമാരകന്മാരെയിതുവിധം
ഓരോരോ കൊല്ലത്തില്‍ കൊന്നു കംസന്‍
ദേവകീദേവി- വസുദേവന്മാരെയും
കാരാഗ്രഹത്തിലടച്ചു പൂട്ടി

തന്നുടെ മാതാപിതാക്കളെ കംസനും
കാരാഗ്രഹത്തിലങ്ങാക്കി വേഗം
ദുഷ്ടരാം മന്ത്രിമാര്‍ തന്നോടു കൂടവേ
സാധുജനത്തെയും ഹിംസിച്ചിതു.

കംസനില്‍ ഭീതിയും പൂണ്ടുടനേവരും
വാണിതു തങ്ങള്‍ തന്‍ മന്ദിരത്തില്‍....

No comments:

Post a Comment