Wednesday, March 18, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ഏഴാമതുണ്ടായി ദേവിയ്ക്കു ഗര്‍ഭവും
മോദവും ഭീതിയും പൂണ്ടു ശൌരി
പിന്നെയും ദേവകി ഗര്‍ഭിണിയാണെന്നു
കേട്ടുടന്‍ കംസനും ഭീതിയാര്‍ന്നു

കാരാഗൃഹത്തിനു ചുറ്റുമായെത്രയോ
വീരരായുള്ളോരെ കാവലിട്ടു
അന്നേരം വൈകുണ്ഠവാസി മഹാവിഷ്ണു
മായാഭഗവതിയോടു ചൊല്ലി

“മായെ, നീ വേഗേന ഭൂതക്ലെ ചെന്നങ്ങു
ഞാന്‍ പറയുന്നതു ചെയ്തീടണം
ദേവകീ ഗര്‍ഭത്തിലുള്ളൊരു ബാലനെ
രോഹിണീ ഗര്‍ഭത്തിലാക്കീടണം

പിന്നെ നീ അമ്പാടി തന്നില്‍ യശോദ തന്‍
നന്ദിനിയായി പിറന്നു കൊള്‍ക!
കംസനെയൊന്നു നീ ഭീതിപ്പെടുത്തീട്ടു
വാസമാക്കീടുക ഭൂതലത്തില്‍

ഓരോതരമുള്ള പേരുകളോടുമാ-
യോരോരോ ക്ഷേത്രങ്ങള്‍ തന്നില്‍ വാഴ്ക!”
ദേവനന്രുള്‍ ചെയ്ത പോലവേ മായയും
കാര്യങ്ങളെല്ലാം നാത്തി പിന്നെ

നന്ദന്റെ ഭാമിനിയാകും യശോദ തന്‍
ഗര്‍ഭത്തില്‍ ചെന്നു ജനിയ്ക്കുവാനായ്
ദേവകീ ദേവി തന്‍ ഗര്‍ഭമലസിയെ-
ന്നേവറ്റും കേട്ടുടന്‍ ദു:ഖമാര്‍ന്നു

കംസനു ഹര്‍ഷവുമുണ്ടായി വന്നിതു
ദേവകീ ഗര്‍ഭവും പോയതിനാല്‍
ശ്രീ വാസുദേവനും ദേവകീ ഗര്‍ഭത്തി-
ലാവിര്‍ഭവിയ്ക്കുവാന്‍ തീര്‍ച്ചയാക്കി.

മോഹനമായൊരു തേജസ്സു വന്നങ്ങു
ദേവകീദേവിയില്‍ ചെന്നു ചേര്‍ന്നു
അഷ്ടമപുത്രനെക്കാത്തുടന്‍ കംസനും
എത്രയും ഭീതിയും പൂണ്ടു വാണു

നോക്കുന്ന ദിക്കതിലൊക്കവേ കംസനും
ശത്രുവെക്കണ്ടു ഭയന്നിരുന്നു
ഉണ്ണാനുറങ്ങുവാന്‍ വയ്യാതെ കംസനും
നന്നെ പരവശനായിത്തീര്‍ന്നു.

ദേവാധിദേവന്റെ കൃഷ്ണാവതാരത്തെ
ദേവകള്‍ കണ്ടങ്ങു സ്തോത്രം ചെയ്തു.
ബ്രഹ്മരുദ്രാദികള്‍, ഇന്ദ്രാദിദേവരും
ആകാശെ വന്നങ്ങു സ്തോത്രം ചെയ്തു.

ചിങ്ങമാസത്തിലെയഷ്ടമി രോഹിണി-
യര്‍ദ്ധരാത്രിയാകും നേരത്തിങ്കല്‍
ദേവകീദേവിയില്‍ നിന്നും ജനിയ്ക്കുവാന്‍
ദേവനും തത്ര തുനിഞ്ഞനേരം

മന്ദമായ് ശബ്ദിച്ചിതാകാശെ മേഘവും
വര്‍ഷവുമുണ്ടായി മന്ദമന്ദം
മൂഢരാം കംസന്റെ കിങ്കരരൊക്കെയും
ഗാഢമാം നിദ്രയിലാണ്ടു പോയി

പുണ്യമാം രോഹിണിയാകുന്ന നക്ഷത്രേ
ചിന്മയന്‍ താനു മവതരിച്ചു.
ആറ്റിനാന്‍ പാടിനാന്‍ ദേവഗന്ധര്‍വരും
പുഷ്പവര്‍ഷങ്ങളും തൂകി ദേവര്‍

കാരാഗൃഹമതില്‍ വന്നു നിറഞ്ഞിതു
മോഹനമായ പ്രകാസധാര
ദേവകീ ദേവിയും ശൌരിയും കണ്ടിതു
തങ്ങള്‍ തന്‍ മുന്നിലെ ദിവ്യരൂപം.

No comments:

Post a Comment