Wednesday, October 6, 2010

രുഗ്മിണീസ്വയംവരം ഭാഗം-3

ദ്വാരകതന്നിലേയ്ക്കങ്ങു ഗമിച്ചൊരാ-

ബ്രാഹ്മണനാകിയ സുന്ദരനും

ഓരോരോ ദേശവും ചെന്നുകടന്നുടൻ

ദ്വാരകാഗോപുരം തന്നിലേയ്ക്കായ്

ആരണനാകയാൽ ഏതു തടസ്സവും

കൂടാതകത്തുകടന്നുടനെ

പണ്ടു പരിചയമുള്ളതു കാരണം

കൊണ്ടൽനേർവർണ്ണന്റെ മന്ദിരത്തിൽ

ചെന്നു കടന്നുടനെല്ലാമുറിയിലും

നന്ദകുമാരനെ തേടിക്കൊണ്ടാൻ

ഇങ്ങിനെ കണ്ണനിരിയ്ക്കും മുറിയിലും

വന്നു ചെന്നെത്തിനാൻ ബ്രാഹ്മണനും

എന്തോ മനോരാജ്യം ചിന്തിച്ചിരിയ്ക്കുന്ന

ചെന്താമരാക്ഷനെ കണ്ടിതപ്പോൾ

കാലൊച്ച കേട്ടുടൻ കണ്ണും തുറന്നങ്ങു

ഭൂലോകനായകൻ നോക്കും നേരം

മുന്നിലായ് വിപ്രനെക്കണ്ടങ്ങെഴുന്നേറ്റു

വന്ദിച്ചു പീഠത്തിൽ കൊണ്ടിരുത്തി

കാലും മുഖവും കഴുകിത്തുടച്ചുടൻ

പാലും പഴങ്ങളും നൽകി ഭക്ത്യാ

എല്ലാം കഴിച്ചങ്ങിരിയ്ക്കുന്ന വിപ്രനെ

മല്ലാരി നോക്കിയരുളിച്ചെയ്തു

അങ്ങുന്നെവിടുന്നാണിപ്പോൾ വരുന്നതും

എങ്ങോട്ടു പോകുന്നതെന്നുമോതൂ

എന്തോ പറയുവാനുണ്ടെന്നു നിന്മുഖം

നന്നായ് വിളിച്ചറിയിയ്ക്കുന്നുണ്ടു

ആരുമടുത്തെങ്ങുമില്ലെന്നു കണ്ടപ്പോൾ

ആരണൻ കത്തു കൊടുത്തു കയ്യിൽ

എത്രയും വേഗത്തിൽപൊട്ടിച്ചെഴുത്തതു

ഉത്തമപൂരുഷൻ വായിച്ചപ്പോൾ

മന്ദസ്മിതം ചെയ്തു നന്ദകുമാരനും

സുന്ദരബ്രാഹ്മണനോടോതി വേഗം:

“അങ്ങു വരുന്നോരു നേരത്തുഞാനുമേ

ചിന്തിച്ചിരുന്നതു രുഗ്മിണിയെ

ആയവൾ തന്നുടെ രൂപഗുണഗണം

ഞാനുമേയേവമറീഞ്ഞിട്ടുണ്ടേ

ഇന്നവൾക്കെന്നോടു പ്രേമമുണ്ടെന്നതു

മിന്നിതാ കത്തിലൂടങ്ങറിഞ്ഞു

എത്രയും വേഗത്തിൽ കുണ്ഡിനം തന്നിലു-

മെത്തേണംകൊണ്ടിങ്ങു പോന്നിടേണം.

ഏട്ടനിവിടെയുമില്ലാത്തകാരണ-

മൊട്ടും തടസ്സവുമുണ്ടാവില്ല

ഏട്ടനറിഞ്ഞാൽ തടസ്സം പറഞ്ഞിടും

പിന്നെയെനിയ്ക്കനുകൂലമാകും

ഇങ്ങിനെയാണെന്റെയേട്ടന്റെ മാതിരി

യങ്ങേയ്ക്കിതൊക്കെയറിയാമല്ലോ?

അങ്ങു കുളിച്ചുടൻ സന്ധ്യാപൂജാദികൾ

ചെയ്തുടൻ ഭക്ഷണമുണ്ട ശേഷം

വിശ്രമിച്ചീടുകയപ്പോഴേയ്ക്കുംഞാനു-

മെത്തിടാം യാത്രയ്ക്കു തയ്യാറായി“

എന്നു പറഞ്ഞൊരു സേവകൻ തന്നെയും

വിട്ടിതു വിപ്രന്റെ കാര്യങ്ങൾക്കായ്

സുന്ദരബ്രാഹ്മണൻ ചെന്നു കുളിച്ചുടൻ

സന്ധ്യാപൂജാദികൾ ചെയ്തിട്ടുടൻ

മൃഷ്ടാന്നഭോജനമുണ്ടു മുറുക്കീട്ടു

മെത്തയിൽ വന്നു കിടക്കും നേരം

യാത്രയ്ക്കു തയ്യാറായുള്ളോരു വേഷത്തിൽ

തത്ര വന്നെത്തിനാൻ വാസുദേവൻ

വിപ്രനോടോതിനാൻ.” സാപ്പാടു നന്നായോ

വെറ്റിൽ‌പ്പാക്കൊക്കെക്കിട്ടിയില്ലേ?“

“എല്ലാമേകിട്ടി“ യെന്നങ്ങു പറഞ്ഞുടൻ

മല്ലാരി തന്നെയും നോക്കിയപ്പോൾ

“എന്നാൽ നമുക്കു പുറപ്പെടാം ഞാനുമേ

ചെന്നങ്ങൊരുക്കട്ടെ, തേർ, കുതിര“

എന്നു പറഞ്ഞുടൻ സൂതനെക്കൂടാതെ

ചെന്നു കുതിരയും തേരുംകൂട്ടി

ഗോപുരദ്വാരത്തിൽ കൊണ്ടു നിറുത്തീട്ട്

ആയുധമൊക്കെയും കേറ്റീ ദേവൻ

പിന്നീടു വിപ്രന്റെ കയ്യും പിടിച്ചിട്ടു

ചെന്നു കയേറിനാൻ തേരിൽ വേഗം

എത്രയും വേഗത്തിൽ തേരും തെളിച്ചങ്ങു

തത്ര മറഞ്ഞങ്ങു പോയി ദേവൻ

ഗോപുരകാവൽക്കാർ നോക്കിനിന്നാനപ്പോൾ

ഗോവിന്ദൻ പോകുന്നകാഴ്ച്ച കണ്ടു

കണ്ണനവരോടുമൊന്നു മേ ചൊല്ലിയി-

ല്ലങ്ങോട്ടവർക്കെങ്ങു ചോദിയ്ക്കാമോ?

No comments:

Post a Comment