Wednesday, October 6, 2010

രുഗ്മിണീസ്വയംവരം ഭാഗം-2

ഭാഗം-2


അന്തണൻ തന്നുടെ വാക്കുകൾ കേട്ടിട്ടു

സന്താപം തെല്ലൊന്നൊതുക്കി ദേവി

സ്വന്തം മണിയറ പുക്കുടൻ വേഗത്തിൽ

ചെന്താമരാക്ഷനു കത്തെഴുതി:

“വല്ലവി വല്ലഭ, നിന്നെ ഞാനെന്നുടെ

വല്ലഭനായി വരിച്ചിടുന്നു

ചേദിപൻ തന്നുടെ ഭാര്യയായ്ത്തീരുവാ-

നെന്നെയയയ്ക്കല്ലേ കണ്ണാ ഭവാൻ

അങ്ങ്യ്ക്കനുരൂപഭാര്യയായീടും ഞാൻ

അങ്ങു മനസ്സിൽ നിനയ്ക്കുമെങ്കിൽ

എത്രയും വേഗത്തിൽ കുണ്ഡിനം തന്നിലും

എത്തണമെന്നെയും കൊണ്ടുപോണം

വേളിത്തലേദിനം ദേവിയെവന്ദിയ്ക്കാൻ

ഞാനങ്ങു പോയിടും ക്ഷേത്രം തന്നിൽ

ദേവിയെ വന്ദിച്ചു പോരുന്ന നേരത്തു

ദേവാ നീയെന്നെ നിൻ തേരിലേറ്റൂ

ദ്വാരകയിലേയ്ക്കു കൊണ്ടങ്ങു പോയി നീ

ദാരങ്ങളാക്കുക പങ്കജാക്ഷ!“

ഇങ്ങനെയുള്ളൊരു കത്തങ്ങെഴുതീട്ടു

നന്നായ് പശവച്ചങ്ങൊട്ടിച്ചേവം

യാത്രയ്ക്കു തയ്യാറായ് വന്നൊരു സുന്ദര-

ബ്രാഹ്മണൻ തന്നുടെ കയ്യിൽ നൽകി

പിന്നെ കനത്ത മടിശ്ശീലയൊന്നെടു-

ത്തന്നവനേകിനാൾ യാത്രയ്ക്കായി.

നന്നായ് വരുമെന്നു ചൊല്ലിച്ചിരിച്ചങ്ങു

സുന്ദരബ്രാഹ്മണൻ പോയ് മറഞ്ഞു

അന്തപ്പുരത്തിങ്കലുള്ളവരാരുമേ-

യന്തണൻ പോയതറിഞ്ഞതില്ല.

രുഗ്മിണി തന്റെ സ്വയംവരമുണ്ടെന്നു

കൊട്ടിയറിയിച്ചു നാട്ടിലൊക്കെ.

കേട്ടവർ കേട്ടവർ വന്നു തുടങ്ങിനാൻ

കൂട്ടമായങ്ങനെ കുണ്ഡിനത്തിൽ

നല്ലൊരു സദ്യയും ദക്ഷിണയും കിട്ടു-

മെന്നോർത്തു വന്നെത്തി വിപ്രവർഗ്ഗം

ഊട്ടുപുരയിലും ചെന്നു സ്ഥലം പിടി-

ച്ചങ്ങിരുന്നീടുന്നു മുന്നിൽ തന്നെ

എല്ലാ രാജ്യത്തിലുമുള്ള നൃപന്മാർക്കു

കല്യാണക്കത്തങ്ങയയച്ചു രുഗ്മി

ദ്വാരകാനാഥനുമാത്രമയച്ചില്ല

ക്രൂരനാം രുഗ്മിയും കത്തൊന്നതും

പൌരജനങ്ങളും വീഥികൾ വീടുകൾ

തോരണജാലമലങ്കരിച്ചു.

കല്യാണമണ്ഡപമുണ്ടാക്കിട്ടായതിൽ

നല്ലോരലങ്കാരമൊക്കെച്ചെയ്തു

വന്നുകൂടുന്ന നൃപന്മാർക്കിരിയ്ക്കാനായ്

മഞ്ചങ്ങളേറെയും തീർത്തു മോദാൽ

എല്ലാരാജ്യത്തിലുമുള്ളനൃപന്മാരും

വന്നു തുടങ്ങിനാൻ കുണ്ഡിനത്തിൽ

അംഗനും വംഗനും തുംഗൻ കലിംഗനും

കേകയൻ കോസലൻ പൌണ്ഡ്രകനും

വന്നു ചേർന്നുള്ള നൃപന്മാരെയൊക്കെയും

നന്നായി സൽക്കാരം ചെയ്തു രുഗ്മി

കല്യാണവേഷമണിഞ്ഞു ശിശുപാലൻ

വന്നിതു മാഗധൻ തന്നോടൊപ്പം

തന്നുടെമന്ദിരം ആയവർക്കായിട്ടു

സന്തോഷമോടങ്ങു നൽകി രുഗ്മി

പാട്ടുമാട്ടങ്ങളും കൊട്ടും കുഴൽ വിളി-

യൊക്കവേയുണ്ടായി കുണ്ഡിനത്തിൽ

എങ്ങുമേ നോക്കിയാലാനന്ദമല്ലാതെ-

യെങ്ങുമൊരിടത്തും കാണാനില്ല

അന്തപ്പുരത്തിങ്കലുള്ളവർക്കാർക്കുമേ

സന്തോഷമൊന്നുമേയുണ്ടായില്ല

അന്തണൻ തന്റെ വരവൊന്നു കാണാഞ്ഞു

സന്താപമോടെയിരുന്നു ദേവി

No comments:

Post a Comment