Wednesday, October 6, 2010

രുഗ്മിണീസ്വയംവരം ഭാഗം -1

ഭാഗം-1

കുണ്ഡിനരാജാവാം ഭീഷ്മകൻ തന്നുടെ

നന്ദിനിയാകിന രുഗ്മിണിയും

കണ്ണന്റെ രൂപഗുണഗണം നാട്ടുകാർ

വർണ്ണിപ്പതും കേട്ടു മോദമർന്നു

നന്ദകുമാരൻ താൻ കാന്തനായ്ത്തീരുവാൻ

സുന്ദരി രുഗ്മിണിയാഗ്രഹിച്ചു

സോദരി തന്നെയും ചേദിപനേകുവാൻ

സോദരൻ രുഗ്മിയും നിശ്ചയിച്ചു.

അമ്മയ്ക്കുമച്ഛനുമിഷ്ടമില്ലെങ്കിലും

രുഗ്മിയെപ്പേടിച്ചു സമ്മതിച്ചു

ഇക്കഥകേട്ടുടൻ രുഗ്മിണീദേവിയും

ദു:ഖഭാവത്താൽ പറഞ്ഞിതേവം:

“ചേദിപൻ തന്നുടെ ഭാര്യയായ്ത്തീരുവാൻ

ഞാനുമേ സമ്മതിയ്ക്കില്ല തീർച്ച

എന്നുടെ ഭർത്താവായ്ത്തീരുന്നതിനിപ്പോൾ

നന്ദകുമാരകൻ മാത്രമാണു

കറ്റക്കാർവർണ്ണനെയല്ലതെ ഞാനിന്നു

മറ്റൊരുത്തനെയും വേൾക്കുകില്ല”

രുഗ്മിണിയ്ക്കീവേളിയിഷ്ടമില്ലെന്നമ്മ

രുഗ്മിയോടങ്ങു പറഞ്ഞ നേരം

രുഗ്മിയുമോതിനാൻ,“എന്നുടെ നിശ്ചയം

അമ്മേ ഞാൻ മാറ്റുകയില്ല, തീർച്ച.

എന്നുടെ സോദരി തന്നുടെ ഭർത്താവായ്

ഇന്നെന്റെ തോഴനാം ചേദിപൻ താൻ

യാദവരാജനാം കൃഷ്ണന്നൊരിയ്ക്കലും

സോദരി തന്നെ ഞാൻ നൽകുകില്ല.

രാമനും കൃഷ്ണനും വന്നുവെന്നാലപ്പോൾ

കേമമായ് സംഗരമുണ്ടായ് വരും.

കൂട്ടുകാരൊത്തുകൊണ്ടപ്പൊഴേ ഞാനങ്ങു

ചേട്ടാനിയന്മാരെ കൊല്ലുമല്ലൊ?“

അന്തപ്പുരത്തിലെസർവ്വജനങ്ങൾക്കും

സന്താപമുണ്ടായിയിക്കാര്യത്തിൽ

അന്തപ്പുരത്തിലെസ്സേവകനാകുന്ന

സുന്ദരബ്രാഹ്മണനെന്ന വിപ്രൻ

ആരുമടുത്തെങ്ങുമില്ലെന്നു കണ്ടപ്പോൾ

ആരണൻ രുഗ്മിണി തന്നോടോതി:

“സന്താപമൊക്കെക്കളയുക, രുഗ്മിണീ

സന്തോഷം നൽകുവാനുണ്ടു ഞാനും

ഞാനൊരു കാര്യം പറയുന്നത് കേട്ടു

വേഗമനുസരിച്ചീടു ഭദ്രേ!

എല്ലാവിവരവും ചൊല്ലി നീ കത്തൊന്നു

മല്ലാരിയ്ക്കേകാനെൻ കയ്യിൽ നൽകൂ

ആരുമറിയണ്ടാ,വേഗമെഴുന്നേൽക്കൂ

കാര്യങ്ങളൊക്കെ നടന്നിടട്ടേ!

(തുടരും)

No comments:

Post a Comment