Monday, July 6, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 തുടര്‍ച്ച

എന്തെന്നറിയാതെ രണ്ടുപേരുമുടന്‍
കണ്ണു തിരുമ്മീട്ടു നോക്കുന്നേരം
കാണുവാനായിതു ശ്രീ മഹാവിഷ്ണുവിന്‍
മോഹനമാകിയ രൂപമതും

പീലിയണിഞ്ഞുള്ള പൊന്നിന്‍ കിരീടവും
ഫാലത്തില്‍ നല്ലൊരു ഗോപിയതും
ചില്ലീയുഗളവുംഭക്തരില്‍ കാരുണ്യം
തുള്ളി വര്‍ഷിയ്ക്കുന്ന നേത്രങ്ങളും

മന്ദസ്മിതം തൂകും ചുണ്ടുകളും പിന്നെ
കുണ്ഡലശോഭയും കണ്ടിതവര്‍
മിന്നും ഗളതലേ നല്ല വനമാല
കൌസ്തുഭരത്നവും ഹാരങ്ങളും

കങ്കണജാലവും നാലുകരങ്ങളില്‍
ശംഖുചക്രഗദപദ്മങ്ങളും
ശ്രീ വത്സ ചിഹ്നം കലര്‍ന്നൊരാമാറിടം
കായാമ്പൂ വര്‍ണ്ണവും കാഞ്ചികളും

ആലില തോല്‍ക്കുന്ന നല്ലോരുദരവും
കാലിലണിയുന്ന പൊഞ്ചിലമ്പും
മിന്നുന്ന മഞ്ഞപ്പട്ടാടയതിന്മേലെ
പൊന്നരഞ്ഞാണവും കിങിണിയും

ഇങ്ങിനെയുള്ളൊരു മംഗള രൂപത്തെ
കണ്ടു വണങ്ങി സ്തുതിച്ചാരവര്‍

കൃഷ്ണ്ണ ജഗല്പതേ! വൃഷ്ണീകുലോത്തമാ!
വൃഷ്ണൊ, മുരാന്തകാ! പാഹി പാഹി!

എന്തൊരു ഭാഗ്യമീ ഞങ്ങളും ചെയ്തിതു
നിന്തിരുമേനിയെ ദര്‍ശിയ്ക്കുവാന്‍!
മായാമയാ ഹരേ!മാധവാശ്രീ പതേ!
മായയില്‍ നിന്നങ്ങു മുക്തനാക്കൂ!

എത്രയും ദുര്‍ഭാഗ്യയായൊരെന്‍ ഗര്‍ഭത്തില്‍
അദ്ഭുതവിഗ്രഹം നീയുണ്ടായി?
എന്നുടെ സോദരന്‍ ദുര്‍ന്നയന്‍ കംസനും
ഇന്നിതറിയുകില്‍ എന്തുണ്ടാവും?

കോമളമാകുമീ രൂപമതെപ്പോഴും
മാമക മാനസേ മിന്നേണമേ!
അദ്ഭുതമാകുമീ രൂപം മറച്ചു നീ
ചില്‍പ്പുമാ, നല്ലൊരു ബാലനാവൂ!

എന്നുടെ സംസാര ദു:ഖങ്ങള്‍ തീരുവാന്‍
നിന്നെയും ലാളിച്ചു, ധന്യയാക്കൂ!

ഇങ്ങിനെ ദേവകീ വാക്കുകള്‍ കേട്ടുടന്‍
മന്ദസ്മിതം തൂകി ദേവനോതി
“അമ്മേ, ഭവതിയും അച്ഛനും മുന്നമേ
എന്നെ ഭജിച്ചിതു, പുത്രനാവാന്‍.
പുണ്യവാന്മാരായ നിങ്ങള്‍ക്കു കാണുവാന്‍
എന്നുടെ രൂപവും കാട്ടിത്തന്നു.
ഇല്ലിനി നിങ്ങള്‍ക്കു യാതൊരു ദു:ഖവും
എല്ലാം കലയുന്നതുണ്ടു ഞാനും
ദുഷ്ടരെയാകവേ ശിഷ്ടിച്ചു ഞാനുമേ
ശിഷ്ടരേ പാലനം ചെയ്തീടുവാന്‍
വൃഷ്ണിവംശത്തിങ്കല്‍ നിങ്ങള്‍ തന്‍ പുത്രനായ്
കൃഷ്ണനെന്നുള്ളോരു പേരോടുമേ
താതാ, ഭവാനെന്നെക്കൊണ്ടുപോയ് നന്ദന്റെ
ഗോകുലം തന്നിലുംകൊണ്ടു ചെന്നു
എന്നെയവിടെ കിടത്തി യശോദ തന്‍
നന്ദിനി തന്നെയും കൊണ്ടു പോരൂ
യാതൊരു വിഘ്നവും കൂടാതെ താതനും
സാധിയ്ക്കുമീകാര്യ്ം മംഗളമായ്”

ഏവം പറഞ്ഞു തന്‍ രൂപം മറച്ചുടന്‍
കോമളരൂപനാം ബാലനായി
കാലും കരവും കുടഞ്ഞു കിടന്നൊരു
നീലാഭ കോലുന്ന രൂപവുമായ്
ദേവകീദേവിയും മോദേന ചെന്നെടു
ത്താദരാന്‍സ്തന്യവും നല്‍കിയല്ലോ?
പിന്നെപ്പുണര്‍ന്നങ്ങു ചുംബിച്ചു സ്നേഹേന
തന്നുടെ കാന്തന്റെ കയ്യിലേകി..

(തുടരും)

No comments:

Post a Comment