Tuesday, August 18, 2009

ദസമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച) പ്രലംബ വധം

പിന്നെയൊരുദിനം രാമനും കൃഷ്ണനും
ബാലകന്മാരൊത്തു കാനനം പോയ്
ഓരോതരമുള്ള കേളികളാടിനാന്‍
ബാലകന്മാരൊത്തു രാമകൃഷ്ണര്‍
തമ്മിലന്യോന്യമടിച്ചു കളിയ്ക്കുവാന്‍
സന്നദ്ധരായവര്‍ രണ്ടു പങ്കായ്
ഒന്നിനു നായകന്‍ രാമനെന്നാണു മ-
റ്റേ ഭാഗം നായകന്‍ കൃഷ്ണന്‍ താനും
തോറ്റവരൊക്കെ ജയിയ്ക്കുന്നവരെയു-
മേറ്റി നടക്കണമെന്നായ് വാതു
അങ്ങിനെ തണ്‍ഗളില്‍ രണ്ടു ഭാഗങ്ങളും
തമ്മിലടിച്ചു കളിയ്ക്കുന്നേരം
കംസന്റെ കിങ്കരനായ പ്രലംബനും
വന്നിതു കൃഷ്ണനെക്കൊല്ലാനായി
ഗോപാലവേഷവും പൂണ്ടവന്‍ വന്നിട്ടു
ബാലകരൊത്തു കളിയ്ക്കുന്നേരം
കണ്ണനറിഞ്ഞുടനണ്ണനെ നോക്കീട്ടു
കണ്ണിനാല്‍ സംജ്ഞയും നല്‍കീടിനാന്‍
ഓരോരോ ബാലകര്‍ തോറ്റോര്‍ ജയിച്ചോരെ
തോളിലുമേറ്റി നടന്നു കൊണ്ടാര്‍
ശ്രീദാമ കണ്ണനെ തോല്‍പ്പിച്ച നേരത്തു
കണ്ണനവനേയും തോളിലേറ്റി
തോറ്റു പ്രലംബനും രാമനോടേറ്റിട്ടു
ചെന്നവന്‍ രാമനെ തോളിലേറ്റി
രാമനെക്കൊന്നതിനപ്പുറം കൃഷ്ണനെ-
യേവംനിനച്ചങ്ങുയര്‍ന്നു വേഗം
ഭീകരമായുള്‍ല രൂപവും പൂണ്ടവന്‍
രാമനെക്കൊല്ലുവാന്‍നോക്കുന്നെരം
പെട്ടെന്നു രാമനും മുഷ്ടി ചുരുട്ടീട്ടു
ദുഷ്ടന്റെ മണ്ടയിലൊന്നിടിച്ചു
പൊട്ടിത്തകര്‍ന്ന ശിരസ്സുമായിട്ടവന്‍
പെട്ടെന്നു ഭൂമിയില്‍ വന്നു വീണു
ദേവകള്‍ പൂമാരി വര്‍ഷിച്ചു, കണ്ണനും
രാമനെ ചെന്നിട്ടങ്ങാശ്ലേഷിച്ചു
ബാലരുമാമോദാല്‍ രാമനെ നോക്കീട്ടു
ആര്‍ത്തു വിജയഘോഷം മുഴക്കി.

പിന്നെയൊരു ദിനം രാമനും കൃഷ്ണനും
ഗോപാലര്‍,ഗോക്കളുമൊത്തു കാട്ടില്‍
പുല്ലുകള്‍ തിന്നു നടന്നു പശുക്കളും
നല്ല ഋഷികവനത്തിലെത്തി
കാട്ടുതീ വന്നു പടര്‍ന്നതു കണ്ടുടന്‍
ഗോപാലബാലര്‍ കരഞ്ഞു ചൊല്ലി.
രാമാ, മഹാബലാ കൃഷ്ണാ കൃപാനിധേ
ദേഹം മുഴുവനും ചുട്ടീടുന്നു
രക്ഷിച്ചു കൊള്ളണേ ഞങ്ങളെ വേഗത്തില്‍
അഗ്നിയില്‍ നിന്നുമകറ്റണമേ
കണ്ണനും ചൊല്ലിനാന്‍ പേടിയുണ്ടെന്നാകില്‍
കണ്ണടച്ചീടണം വേഗം തന്നെ.
ആയതുകേട്ടവര്‍ കണ്ണുമടച്ചപ്പോള്‍
പാനവും ചെയ്തിതു കണ്ണന്‍ തീയെ
ബാലകര്‍ തന്നോടു ചൊല്ലി മുകുന്ദനും
തീയെല്ലാം കെട്ടല്ലോ കണ്‍ തുറക്കൂ
കണ്ണു തുറന്നവര്‍ നോക്കവേ തീയതിന്‍
ലാഞ്ചനപോലുമേ കണ്ടതില്ല
അല്‍ഭുതമുണ്ടായി വന്നിതവര്‍ക്കെല്ലാം
കൃഷ്ണനെക്കെട്ടിപ്പുണര്‍ന്നാരവര്‍

1 comment:

  1. കാട്ടുതീ വന്നു പടര്‍ന്നതു കണ്ടുടന്‍
    ഗോപാലബാലര്‍ കരഞ്ഞു ചൊല്ലി.
    രാമാ, മഹാബലാ കൃഷ്ണാ കൃപാനിധേ
    ദേഹം മുഴുവനും ചുട്ടീടുന്നു
    രക്ഷിച്ചു കൊള്ളണേ ഞങ്ങളെ വേഗത്തില്‍
    അഗ്നിയില്‍ നിന്നുമകറ്റണമേ
    കണ്ണനും ചൊല്ലിനാന്‍ പേടിയുണ്ടെന്നാകില്‍
    കണ്ണടച്ചീടണം വേഗം തന്നെ.

    കവിത ഇങ്ങനെ മധുരിക്കണം....ഇങ്ങനെ കൊതിപ്പിക്കണം..... പൈമ്പാല്‍ കുടിച്ചു കഴിഞ്ഞ് ഇങ്ങനെ നാവില്‍ അതിന്റെ രുചിയും ചുന്റില്‍ അതിന്റെ പതയും ശേഷിക്കണം....

    ReplyDelete