Sunday, August 16, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

രാമനും കൃഷ്ണനും ബാലകരൊത്തുടന്‍
ഗോക്കളെത്തീറ്റി നടക്കും കാലം
കംസന്റെ കിംകരനായ വത്സാസുരന്‍
ഗോവിന്‍സ്വരൂപമായ് വന്നുചേര്‍ന്നാന്‍
കണ്ണനറിഞ്ഞുടന്‍ കാലില്‍ പിടിച്ചിട്ടു
മന്നിലടിച്ചങ്ങു കൊന്നുവല്ലോ?
അത്ഭുതപ്പെട്ടുപോയ് ഗോപാലബാലരും
പുഷ്പവര്‍ഷങ്ങളും ചെയ്തു ദേവര്‍

കൊക്കിന്റെ വേഷമായ് വന്നു ബകാസുരന്‍
കൃഷ്ണനെക്കൊല്ലുവാന്‍ കംസവാക്കാല്‍
കൊത്തി വിഴുങ്ങുവാന്‍ വന്നോരവനേയും
കൊക്കു പിളര്‍ത്തീട്ടു കൊന്നു കൃഷ്ണന്‍
വിസ്മയപ്പെട്ടിതു ഗോപാലരൊക്കെയും
സൂനങ്ങള്‍ വര്‍ഷിച്ചു ദേവന്മാരും

പിന്നെയൊരു ദിനം രാമനും കൃഷ്ണനും
ബാലരോടൊത്തൊരു കാനനത്തില്‍
നന്നായ് ക്കളിയ്ക്കവേ വന്നിതഘാസുരന്‍
പാമ്പിന്റെ വേഷമായ്, കംസഭൃത്യന്‍
ഘോരനാംസര്‍പ്പത്തിന്‍ രൂപേ വഴിയതില്‍
വായും പിളര്‍ന്നു കിടന്നു പൊണ്ണന്‍
ഗോപാലബാലരും നല്ല ഗുഹയെന്ന-
തേവം നിനച്ചവന്‍ വായില്‍ക്കേറി
ബാലകന്മാരൊക്കെ സര്‍പ്പത്തിന്‍ വായയില്‍
ചാലെക്കടന്നതു കണ്ടു കണ്ണന്‍
ഇന്നിനിവേണ്ടതെന്താണെന്നു ചിന്തിച്ചു
ചെന്നവന്‍ തന്നുടെ വായില്‍പ്പുക്കു
വായയും പൂട്ടിന്നാന്‍ ഘോരനാം സര്‍പ്പവും
മായാമയനും വളര്‍ന്നുയര്‍ന്നു
ശ്വാസം കിട്ടീടാതെ നന്നായ് വലഞ്ഞുടന്‍
കംസന്റെ കിങ്കരന്‍ ചത്തു വീണു
കണ്ണന്റെയിക്കളി കണ്ടൊരു ദേവകള്‍
നന്നായി വാഴ്ത്തിസ്തുതിച്ചിതേവം
ബാലകന്മാരേയും കണ്ണന്‍ തന്‍ കയ്യാലേ
ചാലേയെണീപ്പിച്ചു ജീവനേകി
ആമോദത്തോടപ്പോല്‍ കൃഷ്ണനെ രാമനും
വാരിപ്പുണര്‍ന്നു ചുംബിച്ചിതപ്പോള്‍.

രാമനും കൃഷ്ണനും കാട്ടിലൊരു ദിനം
ബാലകരോടും പശുക്കളോടും
ഭോജനം ഭാജനം കയ്യിലെടുത്തുടന്‍
കാനനേ ചെന്നു കളിച്ചീടുവാന്‍
ദേവി യശോദയും ബാലക്ന്മാരെയും
തേച്ചു കുളിപ്പിച്ചലങ്കരിച്ചു
നീലക്കാര്‍കൂന്തലു ചീന്തി മിനുക്കീട്ടു
മാലയും ചുറ്റീട്ടു പീലി കുത്തി
ഫാലത്തില്‍ ഗോപിക്കുറിയുമണിയിച്ചു
വാലിട്ടെഴുതിനാന്‍ കണ്ണുകളും
നന്മുഖം ചുംബിച്ചു,കാതിലും മിന്നുന്ന
നല്ല കടുക്കനും ചാര്‍ത്തിച്ചേവം
മാറില്‍ പുലിനഖ മാലയണിയിച്ചു
പിന്നെ വനമാല ഹാരങ്ങളും
പീതാംബരപ്പട്ടും ചാര്‍ത്തിയതിന്മേലെ
കിങ്ങിണി പൊന്നരഞ്ഞാണം ചാര്‍ത്തി
കൈകളില്‍ മോതിരം കങ്കണവുമിട്ടു
കാലില്‍ കിലുങ്ങുന്ന പൊഞ്ചിലമ്പും
രാനെയീവിധം തന്നെയണിയിച്ചു
വര്‍ണ്ണത്തില്‍ മാത്രമേയുള്ളൂ മാറ്റം
മിന്നുന്നോരോടക്കുഴലും കൊടുത്തമ്മ
കയ്യിലായ് ഭോജനപാത്രമതും
ബാലകന്മാരോടു ചൊല്ലി യശോദയും
പോകല്ലേ കാളിന്ദീ വക്കില്‍ നിങ്ങള്‍
എന്നു പറഞ്ഞിട്ടവരെത്തഴുകീട്ടു
തന്നുടെ ജോലിയ്ക്കായ് പോയിയമ്മ

ബാലന്മാരും ബലരാമന്‍ മുകുന്ദനും
കാലികളൊത്തു കളിച്ചു കാട്ടില്‍
ഓടക്കുഴലൂതി പാട്ടുകള്‍ പാടിയും
ചാലേക്കളികളും ചെയ്താരവര്‍
രാമനും കൃഷ്ണനും ബാലകരൊത്തിട്ടു
ഭോജനമുണ്ണാനിരുന്നു മോദാല്‍
മേല്‍പ്പോട്ടുരുളകള്‍ പൊക്കിയെറിഞ്ഞതു
കീഴ്പ്പോട്ടിങ്ങെത്തുമ്പോള്‍ വായിലാക്കും
കൂട്ടുകാര്‍ തന്നുടെ പാത്രങ്ങളിലവര്‍
കാണാതെ കയ്യിട്ടു കയ്ക്കലാക്കും
ഇങ്ങിനെയങ്ങവര്‍ മോദിച്ചിരിയ്ക്കവേ-
യങ്ങകലത്തേയ്ക്കു പോയി ഗോക്കള്‍
കണ്ണനോതി നിങ്ങളുണ്ണുവിന്‍ ഞാനങ്ങു
ചെന്നു പശുക്കളെത്തേടീടുവന്‍
കയ്യിലുരുളയുമോടക്കുഴലുമായ്
കണ്ണന്‍ പശുക്കളെത്തേടിപ്പോയി
എങ്ങു തിരഞ്ഞീട്ടും കണ്ടീലാ പൈക്കളെ
എന്തിതിന്‍ കാരണമോര്‍ത്തു കണ്ണന്‍
മര്‍ത്ത്യനാം കണ്ണന്റെ ശക്തിയറിയുവാന്‍
ഗോക്കളെയൊക്കെ മറച്ചു വിധി.
കണ്ണനും വേഗം തിരിച്ചു ബാലന്മാര-
ങ്ങുണ്ണും സ്ഥലത്തായി വന്ന നേരം
ഗോപാലബാലകന്മാരേയും കണ്ടില്ല
ഏട്ടനേപ്പോലുമേ കണ്ടതില്ല
തന്നെപ്പരീക്ഷിപ്പാനായി വിരിഞ്ചനും
ഇന്നിതു ചെയ്തതാണെന്നറിഞ്ഞു
എന്നാലവനുമിന്നെന്നുടെ ശക്തിയെ
നന്നായറിയണമോര്‍ത്തു കൃഷ്ണന്‍
ബാലകവൃന്ദവും ഗോക്കളെയൊക്കെയും
തന്നുടെ ശക്തിയാലുണ്ടാക്കിനാന്‍
എന്നിട്ടവരൊപ്പം മുന്നത്തെപ്പോലവേ
ഭോജനം ചെയ്തിതു ദേവദേവന്‍
കണ്ണന്റെ വേലകളെന്തെന്നറിയുവാന്‍
ബ്രഹ്മനും കീഴോട്ടു നോക്കുന്നേരം
ഗോപാലബാലരും നല്പശുവൃന്ദവും
കണ്ണന്നരികിലായ് കണ്ടു നില്‍പ്പൂ
തന്റെയരികിലുംകണ്ണന്നരികിലു
മുണ്ടു പശുക്കള്‍, ബാലന്മാര്‍ ചിത്രം!
കണ്ണുമടച്ചണ്‍ഗു നിന്നു വിരിഞ്ചനു-
മിന്നിനിയെന്തൊന്നു വേണമോര്‍ത്തു
പിന്നെ നയനം തുറന്നു നോക്കീടവേ
കണ്ടിതു താഴെയായ് വിഷ്ണുരൂപം
തന്നുടെ തെറ്റുപൊറുക്കുവാന്‍ വേഗത്തില്‍
കണ്ണന്റെ കാലടി വന്ദിയ്ക്കേണം
എന്നു നിനയ്ക്കവേ താഴത്തു കണ്ടിതു
പൊന്നുണ്ണിക്കൃഷ്ണനെയേകനായി
താപവും ഭീതിയും പൂണ്ടു വിരിഞ്ചനും
ഭൂതലേ ചെന്നു നമിച്ചു പാദംഭക്തിപുരസ്സരം നേത്രം നിറഞ്ഞുടന്‍
കണ്ണന്റെ കാലടി തന്നില്‍ വീണു
ഞാനറിയാതങ്ങു ചെയ്തൊരീ തെറ്റിന്നു
ദീനബന്ധോ ഹരേ! നീ പൊറൊക്ക!
മര്‍ത്ത്യനായ് ത്തീര്‍ന്നപ്പോളങു തന്‍ ശക്തിയ-
തെത്രയുണ്ടെന്നറിയാനതായി
ചെയ്തൊരീ തെറ്റിതെല്ലാം പൊറുക്കേണം
നല്‍കീടവേണമേ മാപ്പെനിയ്ക്കു
സൃഷ്ടിച്ചും രക്ഷിച്ചും സംഹരിച്ചുമിന്നി-
തൊക്കെ ഭവാനല്ലോ കൃഷ്ണ, കൃഷ്ണാ!
മൂര്‍ത്തികള്‍ മൂവരും നീ തന്നെയല്ലയോ
ഞാനും ഭവാനുടെ സൃഷ്ടി തന്നെ!
സര്‍വ്വാപരാധം പൊറുത്തു കൊള്ളേണമേ
സര്‍വ്വേശ്വര!ഹരേ! വാസുദേവാ!
ഏവം സ്തുതിച്ചൊരു ബ്രഹ്മനോടോതിനാന്‍
പോവുക ഞാനിന്നു മാപ്പു തന്നു
വന്ദിച്ചു കൃഷ്ണനെ മൂന്നു വലം വച്ചു
ബ്രഹ്മനും പോയിനാന്‍ സത്യലോകം.

No comments:

Post a Comment