Sunday, August 16, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം 1 (തുടര്‍ച്ച) 12
ഏട്ടനും കൂട്ടരുമൊത്തങ്ങു കണ്ണനും
കാട്ടിത്തുടങ്ങി വികൃതികളും
ഗോപികമാരുടെ വീടുകളില്‍ ചെന്നു
വെണ്ണയും പാലും കവര്‍ന്നെടുക്കും
ഏവരും പങ്കിട്ടെടുത്തു കഴിച്ചിടും
ബാക്കി വരുന്നതു പൂച്ചയ്ക്കേകും
കണ്ണന്റെ ചോരണം വല്ലാതെയായപ്പോള്‍
ഗോപിമാരമ്മയോടോതിയെല്ലാം
ദേവീ യശോദേ, നിന്‍ പുത്രനാല്‍ ഞങ്ങളു-
മാകെ വിഷമത്തിലായിയല്ലോ?
വെണ്ണ്യും പാലും കുടിയ്ക്കുവാന്‍ വന്നെന്നാല്‍
ഞങ്ങളവനു കൊടുക്കാറുണ്ടു
എത്ര ഭുജിച്ചാലും പോരായീക്കണ്ണനു
കട്ടു ഭുജിച്ചാലേ തൃപ്തിയാവൂ?
ഇന്നലെയച്ഛനു വച്ചുള്ള പാലൊക്കെ
കണ്ണന്‍ കുടിച്ചിട്ടു പാത്രം തന്നില്‍
വെള്ളമൊഴിച്ചിട്ടു നന്നായടച്ചല്ലോ
അച്ചനും ചെന്നുകുടിച്ചു വെള്ളം
കോപിച്ചു താതനും പാത്രമെടുത്തുടന്‍
മേലേയ്ക്കെറിഞ്ഞു , ഞാനെന്തു ചെയ്‌വാന്‍?
മറ്റൊരു ഗോപിക ചൊല്ലിനാനിന്നലെ
അച്ഛനായുണ്ടാക്കി വച്ചൊരപ്പം
അച്ചുതന്‍ വന്നു ഭുജിച്ചിട്ടു പാത്രത്തില്‍
ചാണകമാകിയടച്ചു വച്ചു
കണ്ണുകാണാത്തോരെന്നച്ഛനും ചാണക-
മപ്പമെന്നോര്‍ത്തിട്ടു വായിലിട്ടു
എന്നെയുമേറെപരുഷങ്ങള്‍ ചൊന്നച്ഛന്‍
എല്ലാം പറയുവാനാവതില്ലാ.
മറ്റൊരു ഗോപിക ചൊന്നാനുറിയില്‍ ഞാന്‍
വച്ചൊരു പാലൊക്കെ തട്ടി കണ്ണന്‍
വേറൊരു ഗോപിക ചൊല്ലി ഞാനിന്നലെ
പൈക്കറന്നീടുവാന്‍ ചെന്ന നേരം
എന്നുടെ പയ്യിനെ മാറ്റീട്ടു കൃഷ്ണനും
ഇന്നവള്‍ തന്നുടെ പയ്യേക്കെട്ടി
ഇത്രയും ദുര്‍വൃത്തി കാട്ടുന്നിതെന്തയ്യോ
ഉത്തമേ! നിന്നുടെ പുത്രന്‍ കഷ്ടം!
പാലു കുടിച്ചുടന്‍ പാത്രങ്ങളെല്ലാമേ
തല്ലിത്തകര്‍ത്തു കിണറ്റിലിടും
ഏവമവരുടെ വാക്കുകള്‍ കേട്ടപ്പോ-
ളാകുലമോടെ പറഞ്ഞു ദേവി
എന്നുടെ പുത്രന്‍ നശിപ്പിച്ചതിനൊക്കെ
നിങ്ങള്‍ക്കു നല്‍കീടാം വേണ്ട ധനം
മണ്‍പാത്രം പോയതിനൊക്കെയും നിങ്ങള്‍ക്ക്
പൊന്‍പാത്രം തന്നെ ഞാന്‍ തന്നീടാമേ
ഇന്നിമേല്‍ ക്കണ്ണനെക്കോണ്ടു നിങ്ങള്‍ക്കാര്‍ക്കു-
മുണ്ടാകയില്ല ദുരിതമൊന്നും
എന്നുടെ പുത്രനെ നിങ്ങള്‍ വെറുക്കല്ലേ
നന്നായവനു ഞാന്‍ ശിക്ഷ നല്‍കാം
എന്നു പറഞ്ഞവര്‍ക്കെല്ലാര്‍ക്കും നല്‍കിനാര്‍
പൊന്നും പണങ്ങളും പാത്രങ്ങളും
സന്തോഷത്തോടതു വാങ്ങീട്ടു ഗോപിമാര്‍
സ്വന്തം ഗൃഹത്തെയ്ക്ക്യ് യാത്രയായി.
അമ്മയും ഗോപികമാരും പറഞ്ഞത-
ങ്ങംബുജലോചനന്‍ കേട്ടു നിന്നു


അമ്പാടി തന്നിലെ നന്ദന്റെ ബന്ധുക്ക-
ളമ്പോടു ചൊല്ലിനാന്‍ നന്ദനോടു
അമ്പാടി തന്നില്‍ നിന്നെല്ലാവരുമുടന്‍
വൃന്ദാവനേ ചെന്നു വാണീടേണം
എത്രയുമാപത്തു വന്നിതിവിടെയും
പുത്രന്‍ തന്‍ രക്ഷയ്ക്കായ് പോയീടേണം
വെള്ളവും പുല്ലും സമൃദ്ധമാണസ്ഥലേ
ഗോക്കള്‍ക്കു മേയുവാന്‍ പറ്റുമല്ലോ
കാളീന്ദിയാം നദിയുണ്ടു നികടത്തില്‍
ഗോവര്‍ദ്ധനഗിരിരാജനതും
അങ്ങിനെ തന്നെയെന്നോര്‍ത്തിട്ടു നന്ദനും
എല്ലാര്‍ക്കും പോകാനനുജ്ഞയേകി
വീടുകളുണ്ടാക്കാനുള്ള സാമഗ്രികള്‍
കൂടെക്കരൂതീട്ടു യാത്രയായി
നന്ദനും രോഹിണി താനുമെശോദയും
രാമ-കൃഷ്ണാദിയാം പുത്രരോടും
എല്ലാമെടുത്തുടന്‍ വണ്ടിയിലേറ്റീട്ടു
വൃന്ദാവനം നോക്കി യാത്രയായി.
ഓടക്കുഴലൂതി പാട്ടുകള്‍ പാടീട്ടു
ആനന്ദമോടങ്ങു ബാലന്മാരും
നന്ദന്റെ പിന്നലെ വണ്ടിയിലേറീനാന്‍
ഗോപിമാര്‍, ഗോപണ്മാര്‍ ഗോക്കളോടും
ഇങ്ങനെയെല്ലാരും വൃന്ദാവനേ ചെന്നു
ഭംഗിയില്‍ മന്ദിരം തീര്‍ത്തു വാണു
മോഹനമായുള്ളവൃന്ദാവനം തന്നില്‍
രാമനും കൃഷ്ണനു മാനന്ദിച്ചാന്‍.

No comments:

Post a Comment