Wednesday, July 29, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 (തുടര്‍ച്ച) 11

കാലത്തു കണ്ണനുണരുന്നതിന്മുന്‍പേ
ജോലികളൊക്കവേ തീര്‍ക്കാനായി
പാലും കറന്നടുപ്പത്തു വച്ചിട്ടു
ചാലെ തയിരു കലക്കുന്നേരം
കണ്ണനുണര്‍ന്നുടന്‍ പാലു കുടിയ്ക്കുവാന്‍
കണ്ണും തിരുമ്മിയങ്ങോടി വന്നു
കണ്ണനെത്തന്റെ മടിയില്‍ കിടത്തീട്ടു
തന്മുല നല്‍കിനാനമ്മയപ്പോള്‍
ഉണ്ണി രസിച്ചു മുലകുടിച്ചീടവേ
കണ്ടിതു ദേവിയടുപ്പില്‍ വച്ച
പാലു തിളച്ചു പതഞ്ഞുവന്നു
പാലു തിളച്ചു വരുന്നതു കണ്ടപ്പോള്‍
ബാലനെ താഴെയിരുത്തിപ്പോയി
അമ്മിഞ്ഞ നല്‍കുന്നതിന്റെയിടയ്ക്കമ്മ
പോയതില്‍ക്കണ്ണനു കോപം വന്നു
തൈരു കലത്തിന്റെയുള്ളില്‍ത്തന്‍ കാലിട്ടു
നന്നായുടച്ചിതു തൈരിന്‍ പാത്രം
മോരു പരന്നിതുപോയി പലവഴി
വേണ്ണയുരുണ്ടതിന്‍ മദ്ധ്യത്തിലും
മോദേന വെണ്ണയും വാരിയെടുത്തുടന്‍
ഏട്ടനും കൂട്ടര്‍ക്കുമേകീ പങ്കു
പാല്‍പ്പാത്രം വാങ്ങിയെടുത്താശു വച്ചിട്ടു
നോക്കവേ കണ്ടിതു കണ്ണന്‍ പണി
കോപിച്ചെശോദയും കോലുമെടുത്തിട്ടു
ബാലനെത്തല്ലുവാനോടിയെത്തി
അമ്മ വരുന്നതു കണ്ടപ്പോള്‍ കൃഷ്ണനും
പേടി നടിച്ചിട്ടങ്ങോടി മെല്ലെ
കോടക്കാര്‍വര്‍ണ്ണനെച്ചെന്നു പിടിയ്ക്കുവാ-
നോടിനാള്‍ ദേവിയും പിമ്പേത്തന്നെ
ഗോപികമാരൊക്കെ മൂക്കേല്‍ വിരല്‍ വച്ചു
കണ്ണന്റെ ചേഷ്ടകള്‍ കണ്ടു നിന്നാര്‍.
ബാലനെച്ചെന്നു പിടിയ്ക്കുവാനാകാതെ
പാരം വലഞ്ഞങ്ങു നിന്നു ദേവി
ആയതു കണ്ടപ്പോഴമ്മതന്‍ മുന്നിലായ്
മായാമയനുമേ ചെന്നു നിന്നു.
കണ്ണന്‍ മുഖാംബുജം നോക്കീട്ടെശോദയും
കള്ളക്കോപം നടിച്ചോതിയേവം
ഉണ്‍നീ നിന്‍ ദുര്‍ന്നയമിന്നു ഞാന്‍ തീര്‍ക്കുവേന്‍
കെട്ടിയിട്ടീടുമേ യീയുരലില്‍
എന്നു പറഞ്ഞൊരു പാശമെടുത്തുടന്‍
കണ്ണനെക്കെട്ടുവാന്‍ നോക്കുന്നേരം
നീളവുമല്‍പ്പം കുറവായിക്കാണ്‍കയാല്‍
വേറൊന്നതിങ്കൂടെച്ചേര്‍ത്തു കെട്ടി
എന്നിട്ടുമല്‍പ്പം കുറവായിക്കാണ്‍കയാല്‍
വേറെയുമൊന്നതില്‍ച്ചേര്‍ത്തു കെട്ടി
എത്രയൊക്കെക്കയര്‍ ചേര്‍ത്തങ്ങുകെട്ടീട്ടും
പറ്റില്ല കണ്ണനെക്കെട്ടുവാനായ്
ചില്‍പ്പുമാന്‍ തന്നെയും ബന്ധിയ്ക്കാനാകാതെ
അത്ഭുതം പൂണ്ടിതു ദേവി താനും
കണ്ടങ്ങു നില്‍ക്കുന്ന ഗോപീജനത്തിനു-
മുണ്ടായി വല്ലാത്ത വിസ്മയവും
എന്തിനിവേണ്ടതെന്നോര്‍ത്താളെശോദയും
സന്താപം പൂണ്ടങ്ങു നില്‍ക്കുന്നേരം
മെന്നെയും ബന്ധിയ്ക്കൂയെന്നു പറഞ്ഞിട്ടു
കണ്ണനുമമ്മയ്ക്കരികില്‍ വന്നു
അപ്പോളെശോദയും മുന്നമേ കെട്ടിയ
പാശത്താല്‍ ബന്ധിച്ചു കല്ലുരലില്‍
പിന്നീടു തന്നുടെ ജോലികള്‍ തീര്‍ക്കാനായ്
മന്ദിരം നോക്കി നടന്നുപോയി
നാരദമാമുനി തന്നുടെ ശാപത്താല്‍
നീര്‍മരമായി കുബേരപുത്രര്‍
കണ്ണനെക്കണ്ടാലന്നുണ്ടാകും മോക്ഷവു-
മെന്നു പറഞ്ഞു മറഞ്ഞു മുനി.
ആയവരമ്പാടി തന്നില്‍ മരമായി
വാണിതു മോക്ഷവും കാത്തുകൊണ്ടു
തന്നുടെ ഭക്തന്റെ വാക്കു നിറവേട്ടാന്‍
കണ്‍നനും നിശ്ചയം ചെയ്തു വേഗം
കെട്ടിയ നല്ലോരുരലും വലിച്ചങ്ങു
മുട്ടുകാല്‍ കുത്തീട്ടു യാത്രയായി
രണ്ടു മരങ്ങളും നില്‍ക്കുന്നതിന്‍ മദ്ധ്യെ
കൊണ്ടല്‍ നേര്‍വര്‍ണ്ണനും പോയി വേഗം
പെട്ടെന്നുരലതില്‍ തട്ടിയ നേരത്തു
പൊട്ടി മറിഞ്ഞങ്ങു മരങ്ങള്‍ വീണു
അപ്പോള്‍ മരത്തിന്നകത്തു നിന്നായിട്ട-
ങ്ങുല്‍ഭവിച്ചീടിനാന്‍ രണ്ടു പേരും
കൊണ്ടല്‍ നേര്‍വര്‍ണ്ണനെക്കൂപ്പി സ്തുതിച്ചുടന്‍
അമ്പോടു പോയി കുബേരപുത്രര്‍
വൃക്ഷം മറിഞ്ഞതിന്നൊച്ചയെക്കേട്ടുടന്‍
ഓടിയെത്തീടിനാന്‍ നന്ദാദികള്‍
ഓടിവന്നെത്തിയ നന്ദാദികള്‍ കണ്ടു
വീണു കിടക്കുന്നതാം മരണ്‍ഗള്‍
ആയതിന്‍ ചാരത്തു ബന്ധിതനായിട്ടു
മായാമയനേയും കണ്ടാരവര്‍
നന്ദനോ ബന്ധനമൊക്കെയഴിച്ചുടന്‍
തന്നുടെ പുത്രനെയാശ്ലേഷിച്ചു
ഓടിക്കിതച്ചങ്ങു വന്ന യശോദയും
കോടക്കാര്‍വര്‍ണ്ണനെ വാങ്ങി കയ്യില്‍
കാറ്റൊന്നുമില്ലാതെ വൃക്ഷങ്ങള്‍ വീണതു-
മാശ്ചര്യമെന്നവരെല്ലാം ചൊല്ലി
ദാമത്താല്‍ ബന്ധിയ്ക്ക കാരണം കൃഷ്ണനും
ദാമോദരനെന്നു പേരുണ്ടായി.

1 comment:

  1. Good....
    Also visit my blog:
    www.http://krishnakripaamrutham.blogspot.in

    ReplyDelete