Monday, July 6, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 തുടര്‍ച്ച

ശൌരിയും ബാലനെ ആമോദാശ്രുക്കളാല്‍
നന്നായ് കുളിപ്പിച്ചങ്ങാശിസ്സേകി
പിന്നെക്കുമാരനെക്കൈത്താരിലേന്തീട്ടു
മന്ദം പുറപ്പെടാന്‍ നോക്കുംനേരം
കാലതില്‍ ബന്ധിച്ച ചങ്ങലക്കൂട്ടവും
പാറ്റെ മുറിഞ്ഞണ്‍ഗു വീണു ഭൂവില്‍
കാരാഗൃഹത്തിന്റെ വാതായനങ്ങളും
താനെ തുറന്നിതു പോകുവാനായ്
കണ്ണുകള്‍ കാണാതെ നിന്നിതു ശൌരിയും
നല്ല മഴയുമിരുട്ടും കൊണ്ടും
വന്നിതനന്തനും തന്റെ ഫണത്താലെ
നല്ല കുടയാക്കി നിന്നു പിന്നില്‍
നാഗത്തിന്‍ രത്നത്തിന്‍ ശോഭയാല്‍ മാര്‍ഗ്ഗവും
കാണായി ശൌരിയ്ക്കു പോകുവാനായ്
അദ്ഭുതപ്പെട്ടുടന്‍ ശൌരി നടന്നുടന്‍
കാളിന്ദി തന്നുടെ വക്കിലെത്തി
എങ്ങിനെ താനീ നദിയും കടന്നങ്ങു
ചെന്നെത്തും ഗോകുലേയെന്നതോര്‍ത്താന്‍
ഏവം നിനയ്ക്കവേ കാളീന്ദിയാം നദി
രണ്ടാകിമാര്‍ഗ്ഗവുമുണ്ടാകിനാന്‍
വേഗന്‍ നടന്നുടന്‍ ശൌരിയും ഗോകുലം
തന്നുടെ മുന്നിലും ചെന്നതപ്പോള്‍
ഗാഢമാം നിദ്രയിലമ്പാടിവാസികള്‍,
എങ്ങുമൊരൊച്ചയനക്കമില്ല
ഗോപുരവാതിലും വീടിന്റെ വാതിലും
താനെ മലര്‍ന്നു കിടന്നിടുന്നു
വേഗമകത്തു കടന്നു യ്യശോദ തന്‍
മെത്തയില്‍ ബാലകന്‍ തന്നെയാക്കി
ബാലികതന്നെയെടുത്തുടന്‍ വേഗത്തില്‍
തന്നുടെ മന്ദിരം തന്നിലെത്തി
ആനകദുന്ദുഭി വന്നതും പോയതു-
മാരുമറിഞ്ഞില്ല, ചിത്രം, ചിത്രം!
താനെയടഞ്ഞുതേ കാരാഗ്രഹമതും
ചങ്ങല വന്നുടന്‍ കാലിലായി
ദേവകി തന്നുടെ കയ്യിലെ കന്യക
വേഗം കരഞ്ഞിതുറക്കെത്തന്നെ
ഞെട്ടിയുണര്‍ന്നിതു കംസന്റെ കിങ്കരര്‍
കുട്ടി കരയുന്നൊരൊച്ച കേട്ടു
ഓടിയണഞ്ഞുടന്‍ കംസനോടോതിനാന്‍
ദേവകീദേവിയും പെറ്റിതെന്നായ്
കംസനുമോടിക്കിതച്ചു വന്നീടിനാന്‍
കാരാഗൃഹവും തുറന്നുകൊണ്ടു
കന്യയ്ക്കു സ്തന്യവും നല്‍കിക്കിടക്കുന്ന
തന്നുടെ സോദരിതന്നെക്കണ്ടു.
വേഗം കുമാരിക തന്നെയെടുത്തുടന്‍
പോകുവാനായി തുനിഞ്ഞനേരം
ദേവകി താനും കരഞ്ഞു പറഞ്ഞിതു
നല്‍കുക, സോദര പുത്രി തന്നെ
എത്രയോയെന്നുടെപുത്രരെക്കൊന്നു നീ
തന്നാലുമിന്നിവള്‍ തന്നെ ജ്യേഷ്ഠാ,
കന്യകയാമിവള്‍ നിന്നെ വധിയ്ക്കില്ല
തന്നാലുമെന്നുടെ പുത്രി തന്നെ
ഏവം സഹോദരി ചൊന്നതു കേള്‍ക്കാതെ
കുഞ്ഞിനെക്കയ്യിലെടുത്തു വേഗം
കാലില്‍പ്പിടിച്ചങ്ങു കല്ലിലടിയ്ക്കുവാന്‍
ചാലവേ കംസനുമോങ്ങുന്നേരം
ബാലികതാനുമുയര്‍ന്നങ്ങുപോയിട്ട-
ങ്ങാകാസദേശത്തു പോയി നിന്നു
ചാരുകിരീടവും ഭാരവും കങ്കണ-
ജാലം നിറഞ്ഞ കരങ്ങളെട്ടും
എട്ടു കരത്തിലും ദിവ്യായുധങ്ങളും
പട്ടുപുടവയും കാഞ്ചികളും
ദേവാധിദേവന്മാര്‍ സിദ്ധരും കിന്നര-
ഗന്ധര്‍വ്വശ്രേഷ്ഠരാല്‍ സേവ്യയായി
കംസനും ഭീതനായ് നില്‍ക്കുമ്പോള്‍ ദേവിയും
ചൊല്ലിനാല്‍ ഗംഭീരനാദത്തൊടെ

“മൂഢനാം കംസാ നീ കേള്‍ക്കുക,നിന്നുടെ
കാലനും ഭൂമിയില്‍ ജാതനായി.
ഇന്നുഞാന്നിന്നെയും കൊല്ലുന്നതില്ലല്ലോ
എന്നുടെ കാലു പിടിയ്ക്ക മൂലം
നിന്നുടെ കാലനെവിടെയെന്നുള്ളതും
നന്നായ് തിരഞ്ഞങ്ങു കണ്ടു കൊള്‍ക!”

ഏവം പറഞ്ഞുടന്‍ ദേവിയും ദേവരാല്‍
സേവിതയായി മറഞ്ഞുപോയി.

(തുടരും )

1 comment: