Tuesday, July 7, 2009

ദശമം(ശ്രീകൃഷ്ണചരിതം)

ഭാഗം -1 (തുടര്‍ച്ച) പൂതനാമോക്ഷം

കാലത്തു ഗോകുലവാസികള്‍ കേട്ടിതു
ബാലകനുണ്ടായി നന്ദനെന്ന്
രോഹിണീദേവിയ്ക്കുമുണ്ടായി മുന്നവേ
മോഹനരൂപനാം പുത്രനൊന്നു
ആനന്ദമാടുവാനമ്പാടി വാസികള്‍
ആഹ്ലാദഘോഷം മുഴക്കീടിനാന്‍
ഉണ്ണിയെക്കാണുവാന്‍ ഗോപിമാര്‍-ഗോപരും
വന്നു നിറഞ്ഞിതു കാഴ്ച്ചയുമായ്
ഉണ്‍നിയ്ക്കു മംഗളം നേന്നുകൊണ്ടണ്‍ഗനെ
പെണ്ണുങ്ങള്‍ പാടിക്കളിച്ചു ചുറ്റും
നന്ദനും മോദേന പുത്രനെക്കണ്ടുടന്‍
ജാതകര്‍മ്മങ്ങളും ചെയ്തു വേഗം
കസനു കപ്പം കൊടുക്കുവാനായുടന്‍
പോയിനാന്‍ നന്ദന്‍ മധുരയ്ക്കായി
അന്നേരം പൂതന ബാലരെക്കൊല്ലുവാന്‍
വന്നെത്തി ഗോകുലദേശത്തിലും,
സുന്ദരീവേഷം ചമഞ്ഞുടന്‍ നന്ദന്റെ
മന്ദിരം തന്നിലും വന്നു ചേര്‍ന്നു
ഉണ്ണിയെക്കാണുവാന്‍ വന്നതാമെന്നോത്തി-
താരും തടഞ്ഞതുമില്ലവളെ
ഓരോരോ മന്ദിരം തന്നില്‍ നടന്നവള്‍
കാഴ്ച്ചകള്‍ കാണുകയെന്ന ഭാവാല്‍
തക്കവും പാര്‍ത്തു നടന്നവള്‍ ചെന്നെത്തി
കണ്ണന്‍ കിടക്കും മുറിയ്ക്കകത്തും
ആരുമടുത്തെങ്ങുമില്ലെന്നു കണ്ടുടന്‍
കണ്‍നന്റെ ശയ്യയ്ക്കരികിലെത്തി
കയുയുമുയര്‍ത്തീട്ട”ങ്ങെന്നെയെടുക്കാമോ?’
എന്നുള്ള ഭാവാല്‍ ചിരിച്ചു കണ്ണന്‍
മോഹനരൂ‍പനാമുണ്ണിയെക്കണ്ടിട്ടു
മോഹിച്ചു പോയിതു പൂതനയും
മന്ദമെടുത്തവള്‍ കണ്ണനെ തന്നുടെ
അങ്കേ കിടത്തീട്ടു മോദത്തോടെ
കാകോളം തേച്ചുള്ള തന്റെ മുലയതു
കണ്ണന്റെ വായിലായ് വച്ചിതവള്‍
നന്നായ് മുലയും വലിച്ചു കുടിച്ചിതു
കണ്ണനാമുണ്ണി ചിരിച്ചുകൊണ്ടു
പാലിനോടൊപ്പമായ് പൂതന തന്നുടെ
പ്രാണനും കണ്ണന്‍ വലിച്ചിതപ്പോള്‍
പ്രാണപരാക്രമമോടവളുണ്ണിയെ
തല്ലിനാന്‍, തള്ളിനാന്‍ വേദനയാല്‍
ആയതു കാരണം കണ്ണനും വിട്ടില്ല
പാണികള്‍ കൊണ്ടു പിടിച്ചു ബലാല്‍
പ്രാണപരാക്രമത്താലവളൊട്ടങ്ങു
പോയി വീണീടിനാള്‍ കാടു തന്നില്‍
ഘോരമാം മാമരം വീഴുന്നപോലവേ
രാക്ഷസീവേഷമായ് വീണിതവള്‍
ആയവള്‍ മാറത്തു വീഴാതെ കണ്ണനും
നന്നായ് പിടിച്ചു കിടന്നിതപ്പോള്‍
പൂതന വീണു പതിച്ചതിന്‍ ശബ്ദവും
ദാരുണമായൊരു രോദനവും
കേട്ടുടന്‍ ഗോപികാ-ഗോപസംഘമതും
കൂട്ടമായോടിത്തിരഞ്ഞവാറെ
ഓടിക്കിതച്ചിതു വന്നാള്‍ യശോദയും
കോടക്കാര്‍ വര്‍ണ്ണനെക്കാണാതെന്നായ്
രോദനം ചെയ്തിതു കേട്ടുടനേവരും
ആകുലത്തോടുടന്‍ തേടിയേവം
ഏവം നടന്നു തിരഞ്ഞവരേവരും
പൂതനതന്റെയരികിലെത്തി
പൂതന മാറില്‍ കിടന്നു കളിയ്ക്കുന്ന
പൈതലെ കണ്ടവര്‍ വിസ്മയിച്ചു
പൂതന തന്നുടെ ഘോരമാം രൂപവും
കണ്ടിട്ടവരുമേ ഭീതി പൂണ്ടാന്‍
വേഗം കുമാരനെ കയ്യിലെടുത്തിട്ടു
ദേവി യശോദ തന്‍ കയ്യിലേകി
തന്നുടെ പുത്രനെ മാറോടണച്ചിട്ടു
നന്നായ്ത്തഴുകി മുലയുമേകി
ഉണ്ണിയ്ക്കു പേടികള്‍ തട്ടാതിരിയ്ക്കുവാന്‍
ചെയ്തിതു രക്ഷാര്‍ത്ഥം ഗോപന്മാരും
ഗോധൂളി കൊണ്ടങ്ങു ഗോപിയുമിട്ടിതു
ഗോവിന്റെ വാലാലുഴിഞ്ഞുമിട്ടു
മൂര്‍ത്തികള്‍ മൂവരെ പ്രാര്‍ത്ഥിച്ചിതമ്മയും
കാത്തുകൊണ്ടീടുക പുത്രനേയും
നന്ദനും കംസനു കപ്പം കൊടുത്തിട്ടു
ചെന്നു സുഹൃത്തായ ശൌരി ഗേഹേ
ഉത്തമ ബന്ധുവെക്കണ്ടുടന്‍ ശൌരിയും
ഹസ്തം പിടിച്ചങ്ങിരുത്തി ചാരെ
സന്താന ദു:ഖം ഭവിച്ച സുഹൃത്തിനെ
സന്തതമാശ്വസിപ്പിച്ചു നന്ദന്‍
ചൊല്ലി വസുദേവനെന്നുടെ പുത്രനു-
മങ്ങ തന്‍ പുത്രനുമൊന്നു തന്നെ
വേഗേനപോകേണമങ്ങയും ഗോകുലെ
കാണുന്നു വല്ലാത്ത ദുര്‍ന്നിമിത്തം
ശൌരി തന്‍ വാക്കുകള്‍ കേട്ടുടന്‍ നന്ദനും
വേഗേന ഗോകുലം താനണഞ്ഞു
അപ്പോളവിടെ നടന്നോരു കാര്യങ്ങ-
ളെത്രയും ഗോപര്‍ പറഞ്ഞറിഞ്ഞു
പൂതന തന്നുടെ ദേഹവും കണ്ടിതു
ഭൂതലേ വിസ്മയപ്പെട്ടു രാജന്‍
നമ്മുടെയുണ്ണിയീ പൂതന തന്നെയും
കൊന്നുവെന്നുള്ളതു ചിത്രം തന്നെ
പൂതനാ ദേഹവും സത്വരം ഖണ്ഡിച്ചു
തീയതിലിട്ടങ്ങു ചുട്ടെരിച്ചു
തന്നെ വധിയ്ക്കുവാന്‍ വന്നൊരു ദുഷ്ടയ്ക്കു
കണ്ണനാമുണ്ണി കൊടുത്തു മോക്ഷം.

1 comment:

  1. ഓം നമോ നാരായണായ..

    ശ്രീകൃഷ്ണ ചരിതം ബ്ലോഗ്ഗിലൂടെ തന്ന അങ്ങയ്ക്ക് എന്‍റെ നമസ്കാരം. അതിനോടൊപ്പം ഒരു ചെറിയ കാര്യം കൂടി അക്ഷരതെറ്റ് ശ്രദ്ധിക്കുമല്ലോ? പറഞ്ഞത് അവിവേകമെങ്കില്‍ ക്ഷമിക്കുക.

    ReplyDelete