Sunday, July 26, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച) 10

വിഷ്ണുവിന്‍ സാന്നിദ്ധ്യം ഗോകുലെയാകയാല്‍
ലക്ഷ്മിയും വന്നങ്ങു ചെന്നു ചേര്‍ന്നു
ഗോവിന്‍ കിടാങ്ങള്‍ തന്‍ വാലും പിടിച്ചങ്ങു
കൂക്കി വിളിച്ചു രസിയ്ക്കുമവര്‍
പൊന്നുകൊണ്ടുളളതാമോടക്കുഴലുകള്‍
നന്ദനും നല്‍കിനാന്‍ ബാലന്മാര്‍ക്കു
ഓടക്കുഴലുവിളിച്ചുകൊണ്ടെയവര്‍
പാടിക്കളിച്ചിടും മോദത്തോടെ
ഓരോരോ ഗോപിമാര്‍ വന്നങ്ങെടുത്തുടന്‍
താലോലിച്ചങ്ങിനെയുമ്മവയ്ക്കും
തങ്ങള്‍ തന്‍ ജോലികളെല്ലാം മറന്നങ്ങു
അംഗനമാരവര്‍ നോക്കി നില്‍ക്കും
അമ്മിഞ്ഞ നല്‍കുവാന്‍ മാത്രമേ പുതരെ
അമ്മമാര്‍ക്കെപ്പോഴും കിട്ടാറുള്ളൂ
പാലു തരാം കണ്ണാ വെണ്ണ തരാം കണ്ണാ
പാട്ടൊന്നു പാടിടൂ നൃത്തം വയ്ക്കൂ
എന്നു പറഞ്ഞാലോയേട്ടനോടൊന്നിച്ചു
പാട്ടുകള്‍ പാടീടും നൃത്തം വയ്ക്കും
കണ്ണന്റെ ലീലകളോരോന്നും ചൊല്ലിടാ-
നെന്നാലെളുതല്ലയെന്നേവേണ്ടൂ
കൊണ്ടല്‍നേര്‍വര്‍ണ്ണറ്റെ കൂട്ടുകാരായിട്ടു-
മുണ്ടല്ലോ മുപ്പത്തിരണ്ടുപേരു
ആയവരൊന്നിച്ചു രാമനും കൃഷ്ണനും
മണ്ണില്‍ക്കളിച്ചുരസിയ്ക്കും നേരം
കണ്ണനിതാമണ്ണുതിന്നുവെന്നു ചെന്ന-
ങ്ങമ്മയോടോതിനാര്‍ ബാലന്മാരും
കോപിച്ചു കോലുമായ് വന്നൂ യശോദയും
ബാലകന്‍ തന്നെ പിടിച്ചു ചൊല്ലി
എന്തിനു കണ്ണാ നീ മണ്ണു ഭുജിച്ചതു
വെണ്ണയും പാലും ഞാന്‍ നല്‍കാഞ്ഞിട്ടോ?
മണ്ണുഭുജിയ്ക്കുകിലുണ്ടാമേദീനവും
എന്നുണ്ണീയെന്തിനായേവം ചെയ്തു?
അമ്മ തന്‍ വാക്കുഅകള്‍ കേട്ടു ചിരിച്ചുടന്‍
അംബുജലോചനന്‍ ചൊല്ലിയേവം
അമ്മേഞാന്‍ മണ്ണൊന്നും തിന്നില്ല യേട്ടനും
കൂട്ടരും ചില്വതു ഭോസ്ക്കു തന്നെ
എന്നാല്‍ നീ വായൊന്നു നന്നായ് തുറക്കുക
ഞാനൊന്നു നോക്കട്ടെ സത്യമെന്നു
എന്നതു കേട്ടപ്പോള്‍ കണ്ണനാമുണ്ണിയും
തന്നുടെ വായ തുറന്നു കാട്ടി
കണ്ടിതെശോദയും കണ്ണന്റെ വായ് തന്നില്‍
അംബര മത്ഭുതം, പര്‍വതങ്ങള്‍,
ബ്രഹ്മനും രുദ്രനും ചന്ദ്രനും സൂര്യനും
ഇന്ദ്രനും ഗന്ധര്‍വ്വ ദേവന്മാരും
ഗോകുലം, ഗോക്കളും നന്ദനും താനുമേ
തന്നുടെയോമനപ്പുത്രനേയും
അന്തകനാകുന്ന ദേവനേയും കണ്ടു
ഹന്ത മിഴിയടച്ചോതി ദേവി
കണ്ണാനീ വേഗമടയ്ക്കുക വായയും
വല്ലാതെ പേടിയാകുന്നിതുണ്ണീ
വെണ്‍നയും പാലും പഴണ്‍ഗളും നല്‍കിടാം
ഉണ്ണീ നീ വേഗത്തില്‍ വാ മുറുക്കൂ
അമ്മ തന്‍ വാക്കുകള്‍ കേട്ടു മുകുന്ദനും
അന്‍പൊടു വായ മുറുക്കി വേഗം
അമ്മേ നീ കണ്ണനിന്നമ്മിഞ്ഞയേകുക
യെന്നു പറഞ്ഞു മടിയിലേറി
സന്തോഷത്തോടുടന്‍ കണ്ണനെച്ചുംബിച്ചു
തന്മകനേകിനാന്‍ പാലും ദേവി.

No comments:

Post a Comment