Wednesday, July 22, 2009

ദശമം(ശ്രീകൃഷ്ണാവതാരം)

ഭാഗം -1 തുടര്‍ച്ച 8

പിന്നെയൊരു ദിനം കണ്ണനെ മെത്തയില്‍
നന്നായുറക്കിക്കിടത്തി ദേവി
ബാലരെ കാവലുമേല്‍പ്പിച്ചു തന്നുടെ
ജോലികള്‍ ചെയ്യുവാന്‍ പോയ നേരം
കംസന്റെ കിങ്കരനായ ശകടനും,
വന്നിതു കണ്‍നനെക്കൊല്ലാനായി
വണ്ടിയായ് വന്നുടന്‍ കണ്ണന്റെ മേലേയ്ക്കു
ചാടുവാന്‍ പാകത്തില്‍ നിന്ന വേള
കണ്ണനും കാലു കുടഞ്ഞൊരു നേരത്തു
ഖണ്ടമായ് വീണിതു വണ്ടി ദൂരെ
വണ്ടി മറിഞ്ഞങ്ങു വീഴുന്നൊരൊച്ചയും
കേട്ടുടനോടി വന്നെത്തിയമ്മ
കണ്ടിതു ദേവിയും കണ്ണറ്റെ ചാരത്തു
വണ്ടി തകര്‍ന്നു കിടക്കുന്നതും
അന്തികേ നില്‍ക്കുന്ന ബാലരോടാരാഞ്ഞി-
തെങ്ങനെ വണ്ടി മറിഞ്ഞതെന്നു
ഓതി കുമാരരും കണ്‍നന്റെ കാലടി
വണ്ടിയില്‍ തട്ടി മറിഞ്ഞതാണു
ചൊല്ലി യശോദയും കണ്ണന്റെ കാലടി
തൊട്ടിടില്‍ പൊട്ടുമോ വണ്ടിയിതു?
ഉണ്ണി തന്‍ മേലേയ്ക്കു വീഴാതെ വണ്ടിയാ-
മണ്ണില്‍ മറിഞ്ഞതു ഭാഗ്യമായി.
കണ്ണനെ ചേര്‍ത്തു പിടിച്ചു യശോദയും
നന്നായ് തലോടിനാള്‍ പിഞ്ചു കാലില്‍
നന്ദാദി ഗോപരും വണ്ടി കിടപ്പതു
കണ്ടുടന്‍ ആശ്ചര്യം പൂണ്ടു കൊണ്ടാര്‍.

ഉണ്ണിയ്ക്കു പാലുകൊടുത്തിട്ടൊരുദിനം
വേലകള്‍ തീര്‍ക്കുവാന്‍ പോയിതമ്മ
കണ്ണനെക്കൊല്ലുവാന്‍ കംസന്റെയാജ്ഞയാല്‍
വന്നു തൃണാവര്‍ത്തനെന്ന ദുഷ്ടന്‍
കാറ്റായി വന്നവന്‍ ഗോകുലമൊക്കെയും
മൂടി പൊടിയോലും കാറ്റുകൊണ്ടു
കണ്ണുകാണാതങ്ങു ഗോകുലവാസികള്‍
അങ്ങോട്ടുമിങ്ങോട്ടുമോടീടിനാര്‍
ഉണ്ണിയെച്ചെന്നങ്ങെടുത്തുടന്‍ ദാനവന്‍
വിണ്ണിലെയ്ക്കങ്ങങ്ങുയര്‍ന്നുപോയി
കണ്ണനവനുടെ കണ്ഠം കരം കൊണ്ടു
നന്നായ് പിടിച്ചു വരിഞ്ഞിതപ്പോള്‍
ശ്വാസവും കിട്ടുവാനാകാതെ ദാനവന്‍
കണ്ണനെ തള്ളുവാനോങ്ങും നേരം
കൊല്ലുവേനിന്നിവന്‍ തന്നെ ഞാനെന്നോര്‍ത്തു
കണ്ണന്‍ കരത്താല്‍ മുറുക്കി കണ്ഠം.
പ്രാണപരാക്രമത്തോടങ്ങു ദാനവന്‍
വീണിതു താഴേയ്ക്കു പാറ തന്മേല്‍
പൊട്ടിച്ചിതറിയവനുടെ ദേഹവും
കണ്ണനോ പാറപ്പുറത്തിരിപ്പൂ.
കാറ്റും പൊടിയും ശമിച്ചപ്പോളേവരു-
മെത്തിനാന്‍ തങ്ങള്‍ തന്‍ മന്ദിരത്തില്‍
ദേവി യശോദയും കണ്ണനെക്കാണാഞ്ഞു
പാരമുറക്കെക്കരഞ്ഞിരുന്നു
നന്ദാദി ഗോപരും കണ്ണനെക്കാണാഞ്ഞു
നന്നായ് തിരഞ്ഞു നടക്കുന്നേരം
കണ്ടിതു ദൂരവേ പാറപ്പുറത്തായി
കണ്ണന്‍ ചിരിച്ചങ്ങിരിയ്ക്കുന്നതും
ഉണ്ണിയരികിലായ് കൂറ്റനാം ദാനവന്‍
പൊട്ടിച്ചിതറിക്കിടക്കുന്നതും
നന്ദനും കണ്ണനെച്ചെന്നങ്ങെടുത്തുടന്‍
നന്നായിച്ചുംബിച്ചിട്ടമ്മയ്ക്കേകി
കണ്‍നനു തന്മുല നല്‍കി യശോദയും
തന്‍ തിരുമേനി പുണര്‍ന്നു മോദാല്‍
നന്ദനും ഗോപരും ചിന്തിച്ചിതെങ്ങനെ
ദുഷ്ടനാം ദാനവന്‍ ചത്തു പോയി
‘കണ്ണനെ കൊണ്ടങ്ങുപോകവേ കാല്‍ തട്ടി
പാറയില്‍ വീണു തകര്‍ന്നതാവാം
എന്നു പറഞ്ഞവര്‍ ദാനവന്‍ ദേഹവും
തീയിട്ടു കത്തിച്ചു ചാമ്പലാക്കി.

No comments:

Post a Comment