Wednesday, July 22, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 തുടര്‍ച്ച 9

ബാലകന്മാരുടെ നാമകരണവു-
മാരാണു ചെയ്കയെന്നോര്‍ത്തു നന്ദന്‍
ശൌരി തന്‍ വാക്കാലെ ഗര്‍ഗ്ഗമഹാമുനി
വന്നെത്തി നന്ദന്റെ മന്ദിരത്തില്‍
വന്ദിച്ചു മാമുനി തന്നെ യ്ഥോചിതം
പൂജിച്ചു നന്ദനും ചൊല്ലിയേവം
ഞാനുമവിടുത്തെച്ചിന്തിച്ചിതപ്പൊഴേ-
യണ്‍ഗിങ്ങു വന്നതു ഭാഗ്യമായി.
എന്നുടെ പുത്രര്‍ക്കു നാമകരണവു-
മങ്ങു താന്‍ ചെയ്തിങ്ങു തന്നിടേണം
ഗര്‍ഗ്ഗനും ചൊല്ലിനാന്‍ ഗോപ്യമായ് ചെയ്യേണം
കംസനറിഞ്ഞാല്‍ കുഴപ്പമാകും
അങ്ങിനെത്തന്നെയെന്നോതീട്ടു നന്ദനും
വേണ്ടുന്നതൊക്കെയും വട്ടം കൂട്ടി
അമ്മമാര്‍ പുത്രരെ നന്നായ് ക്കുളിപ്പിച്ചു
നന്നായലങ്കരിച്ചിട്ടുമുടന്‍
ഗര്‍ഗ്ഗമഹാമുനി തന്നുടെ ചാരത്തു
ചെന്നു നിന്നീടിനാര്‍ ഭക്തിപൂര്‍വ്വം
ഹോമപൂജാദികളൊക്കെ നടത്തീട്ടു
നാമകരണം നടത്തീടുവാന്‍
രോഹിണീപുത്രനെ ആദ്യമെടുത്തുടന്‍
കര്‍ണ്ണത്തില്‍ മൂന്നുരു പേരു ചൊല്ലി
രാമന്‍, ബലഭദ്രന്‍, സങ്കര്‍ഷണനെന്നു
നാമവുമുണ്ണിയ്ക്കു നല്‍കി മുനി
പിന്നെയനുഗ്രഹം നല്‍കീട്ടങ്ങുണ്ണിയെ
രോഹിണീദേവി തന്‍ കയ്യില്‍ നല്‍കി
പിന്നീടു കണ്‍നനെ വാങ്ങി മുനീന്ദ്രനും
മൂന്നുരു ചൊല്ലിനാന്‍ കൃഷ്ണാ, കൃഷ്ണാ
നന്ദനോടോതിനാന്‍ നിന്നുടെ പുത്രനു
ഒന്നല്ല, പേരുകളുണ്ടനേകം
നാരായണന്‍, ഹരി, വാസുദേവന്‍, കൃഷ്ണന്‍,
പേരുകള്‍ ചൊല്ലുവാനാവതില്ല
ഏവര്‍ക്കും പൂജ്യനായ് വന്നീടുമേയിവന്‍
ശ്രീ മഹാവിഷ്ണുവിന്‍ തുല്യനായി
കോമളന്മാരാകും രാമനും കൃഷ്ണനും
ആപത്തു നീക്കീടും നിങ്ങള്‍ക്കെല്ലാം
എല്ലാവിധമുള്ളോരാപത്തും നീക്കീട്ടു
സര്‍വ്വഭാഗ്യങ്ങളുമുണ്ടാക്കീടും
എന്നു പറഞ്ഞുടന്‍ കണ്ണനെച്ചുംബിച്ചു
നന്ദന്റെ കയ്യില്‍ക്കൊടുത്തു മുനി
എല്ലാം പറഞ്ഞു കുമാരരെ നോക്കീട്ടു
സമ്മാനിതനായി പോയി മുനി
സന്തോഷമുണ്ടായിവന്നിതു നന്ദനു-
മമ്മമാര്‍ക്കും മറ്റു ഗോപന്മാര്‍ക്കും
പുത്രര്‍ക്കണിയുവാന്‍ പണ്ടങ്ങള്‍ തീര്‍ത്തവ-
രെത്രയും മോഹന രത്നങ്ങളാല്‍
തന്റെ കുമാരനെന്നുള്ളപോലെത്തന്നെ
രാമനെസ്സ്നേഹിച്ചു നന്ദഗോപന്‍
കാലില്‍ത്തളകളും കയ്യില്‍ വളകളും
മാറില്‍പ്പുലിനഖമാലകളും
ഗോപിയണിഞ്ഞല്ലോ പൂമുഖമായതില്‍
വാലിട്ടെഴുതിയാ നേത്രങ്ങളും
കാതിലോ മിന്നുന്ന നല്ല കടുക്കനും
പൊന്മോതിരങ്ങള്‍ വിരലുകളില്‍
മുട്ടുകള്‍ കുത്തി നടക്കാനിരിയ്ക്കാനും
എത്തിപ്പിടിച്ചങ്ങു നില്‍ക്കുവാനും
നാലടി വയ്ക്കുമ്പോല്‍ താഴെപ്പതിച്ചിടും
ചുണ്ടും പിളുര്‍ത്തിക്കരഞ്ഞും കൊണ്ടു
കണ്ടുനില്‍ക്കുന്നവരോടിയണഞ്ഞുടന്‍
രണ്ടുപേര്‍ക്കും നല്‍കും നല്ലൊരുമ്മ.
പിന്നെത്തനിയെ നടക്കാനുമോടാനും
ക്ബാലകന്മാരവര്‍ പ്രാപ്തരായി.
രാമന്റെ ദേഹമോ തൂവെള്ളയാം നിറം
കൃഷ്ണന്റെ ദേഹമോ നീലവര്‍ണ്ണം.
ഏട്ടനെക്കാളും വലിപ്പമെനിയ്ക്കെന്നു
ചൊല്ലിട്ടു കണ്ണന്‍ മുകളില്‍ നില്‍ക്കും
ഞാനല്ലെ നിന്നുടെ ഏട്ടനെന്നുള്ളതു
രാമനനുജനോടോതുമപ്പോള്‍
ബാലകന്മാരുടെ യോരോരോലീലകള്‍
കാണുന്നവരെല്ലാം നോക്കി നില്‍ക്കും

No comments:

Post a Comment